മുംബൈ: ബൈക്കുള ഈസ്റ്റിലെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് ഹൗസിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി (AIKC). കമ്മീഷന് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അധികാരപരിധിയില്ലെന്ന് ഖിലാഫത്ത് കമ്മിറ്റി വ്യക്തമാക്കി. ട്രസ്റ്റിന്റെ കാര്യങ്ങൾ വരുന്നത് ചാരിറ്റി കമ്മീഷണറുടെ കീഴിലാണെന്നാണ് കമ്മിറ്റിയുടെ വാദം.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന പൈതൃക കെട്ടിടത്തിന്റെ പൊളിച്ചുമാറ്റലിലും പുനർവികസന അനുമതികളിലും ക്രമക്കേടുകൾ ആരോപിച്ച് എൻസിപി മുംബൈ യൂണിറ്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹുസേഫ ഇലക്ട്രിക്വാല നൽകിയ പരാതിയെ തുടർന്നാണ് ഒക്ടോബർ 9-ന് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്റ്റംബർ 30-നാണ് ഇലക്ട്രിക്വാല കമ്മീഷൻ ചെയർമാന് ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചത്. ഖിലാഫത്ത് ഹൗസ് മാനേജ്‌മെന്റിനോട് പ്രസക്തമായ രേഖകൾ ആവശ്യപ്പെട്ട് വഖഫ് ബോർഡും നേരത്തെ നോട്ടീസ് അയച്ചിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
തുടർന്ന്, ബിഎംസി മുനിസിപ്പൽ കമ്മീഷണറോടും മഹാരാഷ്ട്ര സ്റ്റേറ്റ് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സെക്രട്ടറി മിസാമുദ്ദീൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ നിലവിലെ അന്വേഷണം നിലനിൽക്കില്ലെന്നും കമ്മീഷന് ഇതിൽ അധികാരമില്ലെന്നും എഐകെസി ചെയർമാൻ സർഫറാസ് അർസു പ്രതികരിച്ചു. ട്രസ്റ്റ് വരുന്നത് ചാരിറ്റി കമ്മീഷണറുടെ അധികാരപരിധിയിലാണെന്നും, നിലവിൽ മഹാരാഷ്ട്ര സ്റ്റേറ്റ് വഖഫ് ബോർഡ് ട്രിബ്യൂണൽ കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചാരിറ്റി കമ്മീഷണറുടെ അനുമതി വാങ്ങിയ ശേഷമാണ് ബിഎംസിയിൽ നിന്ന് പദ്ധതിയുടെ അനുമതി നേടിയതെന്ന് എഐകെസി വ്യക്തമാക്കുന്നു. 1950 ലെ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ട്രസ്റ്റിന്മേൽ വഖഫ് ബോർഡിനോ മൈനോറിറ്റി കമ്മീഷനോ അധികാരമില്ലെന്നാണ് കമ്മിറ്റിയുടെ നിലപാട്. അതേസമയം, ട്രസ്റ്റിന്റെ രേഖകൾ പരിശോധിച്ച് അധികാരപരിധി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ അംഗം വസീം ബുർഹാൻ അറിയിച്ചു.