നവിമുംബൈ: അറിവിന്റെ ഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ഭൗതിക തിരുശേഷിപ്പിന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ നെരൂൾ ഗുരുദേവഗിരിയിലെ ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു. നാൽപ്പതിലധികം കുട്ടികളാണ് ചടങ്ങിൽ ആദ്യാക്ഷരം കുരുന്നുനാവിൽ ഏറ്റുവാങ്ങി അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചത്.
ഗുരുദേവഗിരി കോംപ്ലക്സിന്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ക്ഷേത്രം മേൽശാന്തി വി. രതീഷ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ഗുരുപൂജയ്ക്കും ഉഷഃപൂജയ്ക്കും ശേഷമാണ് പൂജ എടുക്കൽ ചടങ്ങ് നടന്നത്. തുടർന്നായിരുന്നു വിദ്യാരംഭം. വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീവിദ്യാ പൂജയും നടന്നു.