മുംബൈ : ലോക പ്രശസ്തമായ വേൾഡ് ട്രാവൽ അവാർഡ്സിൽ ‘ഏഷ്യയിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന ട്രാവൽ ഏജൻസി 2026’ പുരസ്കാരം അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സ്വന്തമാക്കി. യാത്രാ രംഗത്ത് നൽകിയ മികച്ച സേവനങ്ങളും പ്രവർത്തന മികവും കണക്കിലെടുത്താണ് ഈ ആദരം.
മികച്ച ജീവനക്കാരുടെ പ്രയത്നം, പ്രമുഖ വിമാനക്കമ്പനികളുമായുള്ള ദീർഘകാല സഹകരണം, ശക്തമായ ബിസിനസ് ബന്ധങ്ങൾ എന്നിവയാണ് ഈ വിജയത്തിന് വഴിതെളിച്ചത്. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും നൽകിയ ശ്രദ്ധയും നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.
അക്ബർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ . കെ.വി .അബ്ദുൾ നാസറിന്റെ മികച്ച നേതൃത്വത്തിലാണ് കമ്പനി ആഗോളതലത്തിലേക്ക് വളർന്നതും സേവനങ്ങൾ വിപുലമാക്കിയതും. യാത്രാ സേവന രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ ഇതിലൂടെ കമ്പനിക്ക് സാധിച്ചു.
ഈ വലിയ നേട്ടത്തെക്കുറിച്ച് ഡോ.കെ. വി അബ്ദുൾ നാസർ പറഞ്ഞത് ഇങ്ങനെ, “ഏഷ്യയിലെ ഏറ്റവും മികച്ച ട്രാവൽ ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടത് അക്ബർ ഗ്രൂപ്പിന് വലിയൊരു അഭിമാന നിമിഷമാണ്. പ്രത്യേകിച്ചും ഞങ്ങൾ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ലഭിച്ച ഈ പുരസ്കാരം സന്തോഷം ഇരട്ടിയാക്കുന്നു.”
കമ്പനി പ്രവർത്തനങ്ങളുടെ 50 വർഷത്തിലേക്ക് കടക്കുമ്പോൾ ലഭിച്ച ഈ അംഗീകാരം ഇതുവരെയുള്ള വിജയകരമായ യാത്രയെയും വരുംകാല ലക്ഷ്യങ്ങളെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.