മുംബൈ: ബൃഹന്മുംബൈ കോർപ്പറേഷന്റെ (ബി.എം.സി) മൂന്ന് വിവാദ നിർദ്ദേശങ്ങൾക്കെതിരെ കോൺഗ്രസിനും ശിവസേനയ്ക്കും (യു.ബി.ടി) ഒപ്പം ബി.ജെ.പിയും ഒന്നിച്ചു. ഇതോടെ ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് കനത്ത തിരിച്ചടിയായി. സാമ്പത്തിക നഷ്ടവും ക്രമക്കേടുകളും ആരോപിച്ചുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് മൂന്ന് നിർദ്ദേശങ്ങളിലുമുള്ള തീരുമാനം ഇംപ്രൂവ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ദോഷി മാറ്റിവെച്ചു.
വർളിയിലെ 400 കോടി മൂല്യമുള്ള ഖന്ന കൺസ്ട്രക്ഷൻ ഹൗസ് പ്ലോട്ട് പാട്ടത്തിന് നൽകൽ, ലോവർ പരേലിലെ 5,166 ചതുരശ്ര മീറ്റർ ടെസ്റ്റിംഗ് ലാബ് പ്ലോട്ട് 30 വർഷത്തേക്ക് പാട്ടത്തിന് നൽകൽ, കെ.ഇ.എം ആശുപത്രിയിലെ മരുന്ന് കടയുടെ കരാർ നീട്ടൽ എന്നിവയായിരുന്നു വിവാദ വിഷയങ്ങൾ. ഡെവലപ്പർമാരെ സഹായിക്കാനാണ് ഈ നീക്കങ്ങളെന്ന് ബി.ജെ.പി കോർപ്പറേറ്റർ പ്രകാശ് ഗംഗാധരെ ആരോപിച്ചു.
ലോവർ പരേൽ പ്ലോട്ടിലെ ധൃതിപിടിച്ച നീക്കത്തെ ശിവസേന (യു.ബി.ടി) കോർപ്പറേറ്റർ വിറ്റൽ ലോകരെ ചോദ്യം ചെയ്തപ്പോൾ, വർളി പ്ലോട്ട് ടെൻഡർ റദ്ദാക്കണമെന്ന് കോൺഗ്രസ് കോർപ്പറേറ്റർ അഷ്റഫ് ആസ്മിയും പ്രകാശ് ഗംഗാധരെയും ആവശ്യപ്പെട്ടു. കെ.ഇ.എം ആശുപത്രി മരുന്നുകട കരാർ നീട്ടുന്നതിനെ എല്ലാ അംഗങ്ങളും എതിർത്തു. ബി.എം.സിയുടെ വരുമാന തന്ത്രത്തെ ശിവസേന (യു.ബി.ടി) കോർപ്പറേറ്റർ സചിൻ പഡ്വാലും രൂക്ഷമായി വിമർശിച്ചു.