എസി ലോക്കൽ നിരക്ക് കുറയ്ക്കുമോ?: മുംബൈ യാത്രക്കാരുടെ പരാതികൾ കേട്ട് റെയിൽവേ അധികൃതർ; അടിയന്തര ഇടപെടലിന് ആവശ്യം

by WhatsUp Mumbai

മുംബൈ : മുംബൈ ലോക്കൽ ട്രെയിനുകളിലെ രൂക്ഷമായ തിക്കും തിരക്കും, സ്ത്രീകളുടെ കോച്ചുകളുടെ കുറവ്, സർവീസുകൾ വൈകുന്നത് എന്നിവയ്ക്കെതിരെ യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. സെൻട്രൽ, വെസ്റ്റേൺ റെയിൽവേ അധികാരികൾ നടത്തിയ പബ്ലിക് ഔട്ട്റീച്ച് യോഗത്തിലാണ് യാത്രക്കാർ തങ്ങളുടെ ദുരിതങ്ങളും ആവശ്യങ്ങളും തുറന്നുപറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, കുടിവെള്ള ലഭ്യതയില്ലായ്മ, ഭിന്നശേഷി കോച്ചുകളിലെ അനധികൃത യാത്രക്കാരുടെ ശല്യം തുടങ്ങിയ പ്രശ്നങ്ങളും യോഗത്തിൽ ഉയർന്നു വന്നു.

ഛത്രപതി ശിവാജി മഹാജ് ടെർമിനസിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്ര ഭരണപരിഷ്കാര-പൊതുപരാതി വകുപ്പ് സെക്രട്ടറി നിവേദിത ശുക്ല വർമ്മ, സെൻട്രൽ റെയിൽവേ ജനറൽ മാനേജർ രാജീവ് ശ്രീവാസ്തവ, മുംബൈ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ഹിരേഷ് മീണ എന്നിവർ യാത്രക്കാരുമായി സംവദിച്ചു. സമാനമായ രീതിയിൽ മുംബൈ സെൻട്രലിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ രാമശ്രയ് പാണ്ഡെയുടെ നേതൃത്വത്തിലും യാത്രക്കാരുടെ യോഗം നടന്നു.

കൽവ, മുമ്പ്റ, ദിവ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്ലോ ലോക്കൽ സർവീസുകൾ വേണമെന്നും എസി ലോക്കൽ നിരക്ക് കുറയ്ക്കണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ. മുളുണ്ടിനും സി.എസ്.എം.ടി.ക്കുമിടയിൽ യാത്ര ചെയ്യുന്ന രൂപാലി ദേശ്മുഖ് വനിതാ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ രണ്ട് ലേഡീസ് സ്പെഷ്യൽ സർവീസുകൾ മാത്രമാണ് ഉള്ളതെന്നും അവർ ചൂണ്ടിക്കാണിച്ചു. എസി ട്രെയിൻ നിരക്ക് കുറച്ചാൽ കൂടുതൽ സ്ത്രീകളും മുതിർന്ന പൗരന്മാരും യാത്ര ചെയ്യുമെന്ന് ബാബുറാവു കുശ്വാഹ അഭിപ്രായപ്പെട്ടു. എന്നാൽ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച ആവശ്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ഉടനടി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഹിരേഷ് മീണ വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷയും ശുചിത്വവുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തിൽ ഉയർന്നുവന്നു. ദാദർ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കുടിവെള്ളമില്ലാത്തതിനെതിരെ കിഷോർ ജാദവ് പരാതിപ്പെട്ടു. ഭേൽ കച്ചവടക്കാർ ഉള്ളിയും കിഴങ്ങും വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് രവീന്ദ്ര ലിംഗായത്ത് ആശങ്ക പ്രകടിപ്പിച്ചു. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിൽ അനധികൃത യാത്രക്കാർ കയറുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പൻവാരിലാൽ മൊഹറും ആരോപിച്ചു.

You may also like