മൃഗപരീക്ഷണ നിയമഭേദഗതി: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മേനക ഗാന്ധി

by WhatsUp Mumbai

മുംബൈ : കേന്ദ്ര സർക്കാരിന്റെ പുതിയ മൃഗപരീക്ഷണ കരട് നിയമങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്ക് വഴങ്ങുന്നതാണെന്നും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വർദ്ധിപ്പിക്കുമെന്നും മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി. 1968, 1998 വർഷങ്ങളിലെ ചട്ടങ്ങൾക്ക് പകരം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലെ സി.സി.എസ്.ഇ.എ (CCSEA) കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾക്കെതിരെയാണ് വിമർശനം.

തെരുവ് നായ്ക്കളെയോ പൂച്ചകളെയോ വരെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ പുതിയ വ്യവസ്ഥകൾ വഴിതുറക്കുമെന്നും, പരീക്ഷണശാലകളുടെ ഉത്തരവാദിത്തം ഇല്ലാതാക്കുമെന്നും അവർ ആരോപിച്ചു. ചെറിയ തോതിലുള്ള പരീക്ഷണങ്ങൾക്ക് കേന്ദ്ര സമിതിയുടെ അനുമതിയില്ലാതെ തന്നെ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം എന്ന പുതിയ നിർദ്ദേശം പരിശോധനകളെ ദുർബലപ്പെടുത്തുമെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാണിക്കുന്നു.

കരട് നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്ന് പെറ്റ (PETA) ഇന്ത്യ ആവശ്യപ്പെട്ടു. ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ തെരുവ് മൃഗങ്ങളും വന്യജീവികളും ലബോറട്ടറികളിലെ ഇരകളായി മാറുമെന്ന് പെറ്റ ഇന്ത്യ ഉപദേശക ഡോ. അഞ്ജന അഗർവാൾ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട കരടിൽ പൊതുജനങ്ങൾക്ക് നവംബർ 5 വരെ എതിർപ്പുകൾ അറിയിക്കാം.

You may also like