മുംബൈ : മുംബൈ ശിവാജി പാർക്കിൽ നടന്ന ശിവസേന (യു.ബി.ടി) വാർഷിക ദസറ റാലിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ. ഭരണമാറ്റം ലക്ഷ്യമിട്ടാണ് തന്റെ പാർട്ടി പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കഴിഞ്ഞ 12 വർഷമായി ഭരണാധികാരികൾ രാജ്യത്തെ ജനാധിപത്യം കവർന്നെടുക്കുകയാണെന്നും ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ രാവണനോട് ഉപമിച്ച ഉദ്ധവ് താക്കറെ, സർക്കാരിന്റെ ജീവൻ നിലനിൽക്കുന്നത് അദ്ദേഹത്തിലാണെന്ന് പരിഹസിച്ചു. സമരങ്ങൾക്ക് മാന്യത വേണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. നീതിക്കുവേണ്ടി തെരുവിലിറങ്ങുന്ന യുവാക്കളെ ‘അർബൻ നക്സലുകൾ’ എന്ന് വിശേഷിപ്പിക്കുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സിനിമ താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയെ ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരാൻ ഫഡ്നാവിസിനെ വെല്ലുവിളിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കർ, ജ്യോതിറാവു ഫൂലെ എന്നിവരുടെ പുസ്തകങ്ങൾ സർവകലാശാലാ പഠനവിഷയങ്ങളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും തൊഴിലില്ലായ്മ മറച്ചുവെക്കാൻ മതരാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.