മോർച്ചറിയിൽ മദ്യപാന പാർട്ടി:പുനെയിൽ ഡോക്ടർ സസ്പെൻഷനിൽ

by WhatsUp Mumbai

പുണെ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ മദ്യപാന പാർട്ടി നടത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പിംപ്രി-ചിഞ്ച്വാഡിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (YCM) ആശുപത്രിയിലാണ് സംഭവം. പോസ്റ്റ്മോർട്ടം മുറിയിൽ വെച്ച് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.

ഡോക്ടർ വൈഭവ് അവിനാഷ് മസ്കെയാണ് സസ്പെൻഷനിലായത്. സംഭവത്തിൽ പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അടിയന്തരമായി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി ആശുപത്രിയിൽ എത്തിയ ആളാണ് പോസ്റ്റ്മോർട്ടം മുറിയിലെ അവസ്ഥ കണ്ട് ദൃശ്യങ്ങൾ പകർത്തിയത്. പ്രചരിച്ച വീഡിയോയിൽ മേശപ്പുറത്ത് ഭക്ഷണപദാർത്ഥങ്ങളും മദ്യക്കുപ്പികളും കാണാമായിരുന്നു.

ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നാണ് വിലയിരുത്തൽ. 15 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും അതിനുശേഷം വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. സസ്പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ പിംപ്രി വിട്ടുപോകാനോ മറ്റ് തൊഴിൽ, ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഡോക്ടർക്ക് അനുവാദമില്ല.

You may also like