മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വിഷയനിബന്ധനകളില്ലാതെ പരമാവധി പതിനഞ്ചു പേജ് വരെയുള്ള ചെറുകഥകളും അറുപതു വരിയിൽ കവിയാത്ത കവിതകളും അയക്കാം. “വിരൽത്തുമ്പിലെ വായനയും മാറുന്ന ലോകവും” എന്ന വിഷയത്തിൽ പരമാവധി ഇരുപതു പേജ് വരെയുള്ള ലേഖനങ്ങളാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്.
മത്സരത്തിനയയ്ക്കുന്ന കൃതികൾ പൂർണ്ണമായും മൗലികമായിരിക്കണം. അച്ചടി മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ച രചനകൾ സ്വീകരിക്കുന്നതല്ല. A4 പേജിൽ ഇരുപത്തഞ്ച് വരിയിൽ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം രചനകൾ. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പ്രത്യേക പേജിൽ എഴുതി കൃതിയോടൊപ്പം അയക്കണം. കൃതിയുടെ ഒരു ഭാഗത്തും പേരോ, മേൽവിലാസമോ, ഫോൺ നമ്പറോ, ഇമെയിൽ വിലാസമോ, ഒപ്പോ രേഖപ്പെടുത്താൻ പാടില്ല. മത്സരത്തിനയയ്ക്കുന്ന കൃതികൾ തിരിച്ചു നൽകുന്നതല്ല. സമ്മാനാർഹമാകുന്ന രചനകൾ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ മുഖപത്രമായ ‘കേരളം വളരുന്നു’വിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം സംഘത്തിൽ നിക്ഷിപ്തമാണ്.
ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും സമ്മാനാർഹരെ പ്രമുഖ സാഹിത്യകാരന്മാർ തിരഞ്ഞെടുക്കും. വിജയികളാകുന്നവരെ പതിനഞ്ചാം മലയാളോത്സവം സമാപന സമ്മേളനത്തിൽ വച്ച് സമ്മാനത്തുകയും ട്രോഫിയും നൽകി ആദരിക്കും.
മത്സരത്തിനുള്ള രചനകൾ ഇമെയിൽ വഴി 2026 നവംബർ 10-ന് മുമ്പായി bhasholsavammumbai@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. ടൈപ്പ് ചെയ്തതിന്റെ PDF പ്രതി മാത്രമേ സ്വീകരിക്കുകയുള്ളൂ. കയ്യെഴുത്തുപ്രതിയാണെങ്കിൽ വ്യക്തമായി സ്കാൻ ചെയ്ത് അയക്കേണ്ടതാണ്. രചനകളുടെ ഫോട്ടോ അയച്ചാൽ പരിഗണിക്കുകയില്ലെന്ന് ജനറൽ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു. ഫോൺ നമ്പർ: 9892690978.