മുംബൈ: നഗരത്തെ ഫ്ലെക്സ് മുക്തമാക്കാൻ ലക്ഷ്യമിട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടപ്പിലാക്കുന്ന ‘ഫ്ലെക്സ് ഫ്രീ മുംബൈ’ കാമ്പയിൻ ശക്തമാകുന്നു. ഒക്ടോബർ 8 മുതൽ 13 വരെയുള്ള ആറ് ദിവസത്തിനുള്ളിൽ നഗരത്തിൽ നിന്ന് 2,291 അനധികൃത ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു.
അനധികൃത പരസ്യങ്ങൾ എടുത്തുമാറ്റുന്നതിൽ മാതൃകയായി മേയർ ഋതു താവ്ഡെ നേരിട്ട് രംഗത്തിറങ്ങി. എൻ വാർഡിലെ ഘാട്കോപ്പർ ഈസ്റ്റിൽ ഝൂലേലാൽ ചൗക്ക്, ഗരോഡിയ നഗർ എന്നിവിടങ്ങളിൽ മേയറുടെ നേതൃത്വത്തിലാണ് പരസ്യങ്ങൾ അഴിച്ചുമാറ്റിയത്. ദൃശ്യ മലിനീകരണം തടയാനും പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കാനുമുള്ള ഈ കാമ്പയിന് രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും പിന്തുണ നൽകണമെന്ന് മേയർ അഭ്യർത്ഥിച്ചു.
നടപടിയിലൂടെ രാഷ്ട്രീയ പാർട്ടികളുടെ 436 ബാനറുകളും 226 ബോർഡുകളും 49 പോസ്റ്ററുകളും 258 വാണിജ്യ ബാനറുകളും 111 ബോർഡുകളും 12 പോസ്റ്ററുകളുമാണ് എടുത്തുമാറ്റിയത്. നിയമലംഘനത്തിന് 13 കേസുകളിൽ പൊലീസിൽ പരാതി നൽകുകയും 4 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഉത്സവ സീസൺ പ്രമാണിച്ച് പരിശോധന കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ബിഎംസിയുടെ ലൈസൻസ് വിഭാഗം 40,172 അനധികൃത പരസ്യങ്ങളാണ് നഗരത്തിൽ നിന്ന് നീക്കം ചെയ്തത്. ഇതിൽ 83 ശതമാനത്തിലധികവും രാഷ്ട്രീയ-മതപരമായ പരസ്യങ്ങളായിരുന്നു. അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി തുടരുമെന്നും മേയർ ഋതു താവ്ഡെ വ്യക്തമാക്കി.