വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ് – നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ വലുത്’ എന്ന വിഷയത്തിൽ സെമിനാറും നടത്തി. സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, സാംസ്കാരിക വിഭാഗം കൺവീനർ കെ. ഷൺമുഖൻ, സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ടി. സി. അച്ചുതൻ തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ കൗൺസിൽ മെംബർ സി. എൻ. സദാനന്ദൻ നന്ദിയും യൂണിറ്റ് സെക്രട്ടറി എം. എം. രാധാകൃഷ്ണൻ സ്വാഗതവും പറഞ്ഞു.
മതദ്വേഷം ലോകത്തെ വിഴുങ്ങുന്ന ഈ കാലത്ത്, അതിനുള്ള സിദ്ധൗഷധം എന്തെന്ന അന്വേഷണത്തിന് ശ്രീനാരായണ ഗുരു ദർശനം ഉത്തരമാകുമെന്ന് സെമിനാറിൽ പ്രബന്ധ അവതാരകരായ മായാ സഹജനും ബിജിലി ഭരതനും അഭിപ്രായപ്പെട്ടു. ആത്മോപദേശശതകം എന്ന ദാർശനിക കൃതിയിലെ 44 മുതൽ 49 വരെയുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ച് ബിജിലി ഭരതൻ ഗുരുവിന്റെ മതമീമാംസ വിശദീകരിച്ചു. മനുഷ്യരുടെ പരമലക്ഷ്യം ആത്മസുഖമാണെന്നും അതിലേക്കുള്ള വഴി കാണിക്കുകയാണ് മതങ്ങളുടെ ധർമ്മമെന്നും അദ്ദേഹം സമർഥിച്ചു. ചരിത്രപശ്ചാത്തലവും ലോകസാഹിത്യകാരന്മാരുടെയും ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് മാനവികതയാണ് മതത്തിനു മുകളിലെന്ന് സമിതി സോണൽ സെക്രട്ടറി മായാ സഹജൻ ചൂണ്ടിക്കാട്ടി.
ഓരോ ഗുരുസെന്ററിലും ഇത്തരം സെമിനാറുകൾ നടക്കുമ്പോൾ മതദ്വേഷം ഇല്ലാതാക്കാനുള്ള വിത്താണ് പാകുന്നതെന്ന് പ്രസിഡണ്ട് എം. ഐ. ദാമോദരൻ പറഞ്ഞു. വരുംതലമുറ മതാതീത സമൂഹമായി മാറുമെന്നും ഇത്തരം പരിപാടികൾ എല്ലാ യൂണിറ്റുകളിലും നടത്താൻ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. സമിതിയുടെ വളർച്ചയും ഗുരുവിന്റെ ഏകലോക വ്യവസ്ഥിതി എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളും ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് വിശദീകരിച്ചു.
തൊഴിലാളി പ്രസ്ഥാനത്തിന്റെ ജീവാത്മാവും സമിതിയുടെ ആദ്യകാല ചരിത്രത്തിന്റെ നേർസാക്ഷിയുമായ പി. ആർ. കൃഷ്ണൻ തന്റെ അമൂല്യമായ പുസ്തകശേഖരം വസായ് ഗുരുസെന്ററിലെ വായനശാലയ്ക്ക് സമർപ്പിച്ചു. വിവിധ വിഷയങ്ങളിലെ ഈ പുസ്തകങ്ങൾ വായനശീലം പുനർജീവിപ്പിക്കാൻ വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.