മുംബൈ: ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് യുവതികൾ ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) നിരീക്ഷണത്തിൽ. അന്താരാഷ്ട്ര തലത്തിലുള്ള ഒരു മതപരമായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 25നും 30നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകളാണ് അന്വേഷണ പരിധിയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മുംബൈ, പുണെ, രത്നഗിരി, സോലാപൂർ, താണെ എന്നീ അഞ്ച് ജില്ലകളിലായി എ.ടി.എസ് പരിശോധന നടത്തി. പ്രതികളുടെ പക്കൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഖുർആൻ വചനങ്ങളും മതപരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാൻ മാത്രമാണ് തങ്ങൾ ഗ്രൂപ്പിൽ അംഗമായതെന്നാണ് സ്ത്രീകൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോൺ നമ്പറുകൾ പരിശോധിച്ചതിൽ പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യവും, മുൻപ് ഭീകരവിരുദ്ധ അന്വേഷണങ്ങളിൽ പാക് രഹസ്യാന്വേഷണ ഏജൻസികളുമായും ഹിസ്ബുൽ മുജാഹിദീനുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയ നമ്പറുകളുമായി സാമ്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
രത്നഗിരി ജില്ലയിലെ രാജാപൂരിൽ അറബി അധ്യാപികയുടെ വസതിയിലും എ.ടി.എസ് പരിശോധന നടത്തി. അധ്യാപിക, ഭർത്താവ്, മകൾ എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇവരെ വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി. ഗ്രൂപ്പിലെ സന്ദേശങ്ങളും ആശയവിനിമയങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് എ.ടി.എസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.