നാലാസോപ്പാറ : വിവാഹം കഴിക്കാമെന്ന് വ്യാജവാഗ്ദാനം നൽകി യുവതിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ വിരൽചൂണ്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാദേശിക ജിമ്മിൽ വെച്ചാണ് പരാതിക്കാരിയായ യുവതി മുഖ്യപ്രതിയെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച് സ്നേഹവലയത്തിലാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആരിഫ് അബു ഷെയ്ഖ്, ഇയാളുടെ മാതാവ് റുക്ഷാന, ബന്ധു സാഹിൽ ഖാൻ എന്നിവർക്കെതിരെ നാലാസോപ്പാറ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുഖ്യപ്രതിയായ ആരിഫ് അബു ഷെയ്ഖ് എഴുപതിനും എൺപതിനും ഇടയിൽ ഹിന്ദു സ്ത്രീകളെ സമാനമായ രീതിയിൽ വഞ്ചിച്ച് വലയിലാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇരയാക്കപ്പെട്ടവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകർത്തി ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്.
പരാതിക്കാരി ഹിന്ദു മതവിഭാഗത്തിലും പ്രതി മുസ്ലിം വിഭാഗത്തിലുംപെട്ട ആളായതിനാൽ നിരവധി ഹിന്ദുത്വ സംഘടനകൾ വിഷയത്തിൽ വലിയ പ്രതിഷേധങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, 70 മുതൽ 80 വരെ സ്ത്രീകൾ ഇരയായെന്ന ആരോപണത്തിൽ പോലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ. വിഷയത്തിൽ ക്യാമറയ്ക്ക് മുന്നിൽ ഔദ്യോഗിക പ്രതികരണം നടത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.