മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. എഫ്‌ഡിഎ കമ്മീഷണർ സ്ഥാനത്തുനിന്ന് തനിക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടില്ലെന്നും ആ പദവിയിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കുന്ന അഞ്ചംഗ സമിതിയുടെ സക്രട്ടറിയായി നിയമിതനായതിന് പിന്നാലെയാണ് സ്ഥലംമാറ്റ അഭ്യൂഹങ്ങൾ പരന്നത്.
അസുരക്ഷിതവും നിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾക്കും വ്യാജ ഔഷധങ്ങൾക്കുമെതിരെയുള്ള പോരാട്ടം തുടരുമെന്നും എക്സ് (X) പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ തുക്കാറാം മുണ്ടെ വ്യക്തമാക്കി.
എംപിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ മുൻ ജഡ്ജി ദിലീപ് ഭോസ്‌ലെ ചെയർമാനായി സർക്കാർ സമിതി രൂപീകരിച്ചിട്ടുണ്ട്. തുക്കാറാം മുണ്ടെയ്ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥൻ ലക്ഷ്മി ഗൗതം, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഗണേഷ് പാട്ടീൽ, റിട്ടയേഡ് ജഡ്ജി പി ഡി നായിക് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
പൂനെയിലെ എസ്എം ജോഷി പാലത്തിന് സമീപം എംപിഎസ്സി ഉദ്യോഗാർത്ഥികൾ നടത്തിവന്ന 10 ദിവസം നീണ്ട പ്രതിഷേധത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ അന്വേഷണ സമിതി പ്രഖ്യാപിച്ചത്. സംസ്ഥാന മന്ത്രി ശിവേന്ദ്രരാജെ ഭോസ്‌ലെ ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ എംപിഎസ്സി ചെയർമാൻ വിവേക് ഭീമൻവാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. നിലവിലെയും മുൻകാലങ്ങളിലെയും എംപിഎസ്സി ചെയർമാൻമാരുടെയും അംഗങ്ങളുടെയും കാലയളവ് അന്വേഷണ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അന്വേഷണ സമിതി ക്രമക്കേടുകൾ കണ്ടെത്തുകയാണെങ്കിൽ ഭരണഘടനയുടെ 317-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതിക്ക് നടപടിക്കായി ശുപാർശ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.