മുംബൈ-അഹമ്മദാബദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: വഡോദരയിൽ 14 പോർട്ടൽ ബീമുകളുടെയും നിർമ്മാണം പൂർത്തിയായി

by WhatsUp Mumbai

മുംബൈ: മുംബൈ-അഹമ്മദാബദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ വഡോദരയിലെ റെയിൽവേ ലൈനുകൾക്ക് മുകളിലുള്ള 14 പോർട്ടൽ ബീമുകളുടെയും നിർമ്മാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദില്ലി-മുംബൈ രാജധാനി മെയിൻ ലൈൻ ഉൾപ്പെടെ അഞ്ച് സജീവ റെയിൽവേ ലൈനുകൾ കടന്നുപോകുന്ന 8.3 കിലോമീറ്റർ വഡോദര സെക്ടറിലാണ് നിർമ്മാണത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. പോർട്ടൽ ബീമുകളുടെ നിർമ്മാണം പൂർത്തിയായതോടെ, തിരക്കേറിയ റെയിൽവേ റൂട്ടിലേക്ക് 40 മീറ്റർ കോമ്പോസിറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് പദ്ധതി കടക്കും. വഡോദര ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനും സൂറത്ത് ഭാഗത്തുള്ള വിശ്വാമിത്രി റെയിൽവേ സ്റ്റേഷനും ഇടയിലാണ് ഇതിൽ 10 ബീമുകൾ സ്ഥിതി ചെയ്യുന്നത്. ബാക്കി നാലെണ്ണം വഡോദര റെയിൽവേ സ്റ്റേഷനും അഹമ്മദാബദ് ഭാഗത്തുള്ള ഛായപുരി റെയിൽവേ സ്റ്റേഷനുമിടയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഏകദേശം 37 മീറ്റർ നീളവും 4 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള ഓരോ പോർട്ടൽ ബീമിനും ഏകദേശം 1,500 ടൺ ഭാരമുണ്ട്. കാസ്റ്റ്-ഇൻ-സിറ്റു (cast-in-situ) രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ ഘടനയ്ക്കും ഏകദേശം 590 ക്യുബിക് മീറ്റർ കോൺക്രീറ്റും 55 ടണ്ണോളം റീൻഫോഴ്‌സ്‌മെന്റ് സ്റ്റീലുമാണ് ആവശ്യമായി വന്നത്. പ്രവർത്തിക്കുന്ന റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള പരിമിതമായ സ്ഥലവും ഉയർന്ന ഭാരവും കാരണം അതീവ കൃത്യതയോടെയും ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് കൃത്യമായ കോർഡിനേഷനിലൂടെയുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉന്നത ശേഷിയുള്ള ക്രെയിനുകൾ, ഹൈഡ്രോളിക് ജാക്കുകൾ, ലോംഗ്-ബൂം കോൺക്രീറ്റ് പമ്പുകൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. ഈ ബീമുകളുടെ പൂർത്തീകരണം വഡോദരയിലൂടെയുള്ള അതിവേഗ റെയിൽ ഇടനാറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ വേഗത നൽകും.

You may also like