മുംബൈ: പൂനെയിലെ കോടതി സമുച്ചയത്തിന് പുറത്തുവെച്ച് ഭാര്യയെ വെടിവച്ചുകൊന്ന കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ ദീപക് ധവാലെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് വർഷവും നാല് മാസവുമായി പ്രതി തടവിൽ കഴിയുകയാണെന്നതും വിചാരണ നടപടികളിൽ പുരോഗതിയില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിലിന്ദ് ജാദവ് ജാമ്യാപേക്ഷ അനുവദിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം കുറ്റാരോപിതനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2022 ജൂൺ 7-നാണ് സംഭവം നടന്നത്. 2020-ൽ ദീപക് ധവാലെയ്ക്കെതിരെ നൽകിയ ഗാർഹിക പീഡനക്കേസിന്റെ നടപടികൾക്കായി മാതാപിതാക്കൾക്കും രണ്ട് പെൺമക്കൾക്കുമൊപ്പം ശിരൂർ കോടതി സമുച്ചയത്തിൽ എത്തിയതായിരുന്നു ഭാര്യ. ഇവിടെവെച്ച് സഹോദരനൊപ്പമെത്തിയ ദീപക് ധവാലെ പിസ്റ്റൾ ഉപയോഗിച്ച് ഭാര്യയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. തടയാൻ ശ്രമിച്ച അമ്മായിയമ്മയുടെ തലയിൽ പിസ്റ്റൾ കൊണ്ട് അടിക്കുകയും അമ്മായിയപ്പനെ ചവിട്ടുകയും ചെയ്തു. ഈ സമയം പെൺമക്കൾ ജീവരക്ഷാർത്ഥം കോടതി കെട്ടിടത്തിനുള്ളിലേക്ക് ഓടുകയായിരുന്നു.
കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകരായ സത്യവ്രത് ജോഷിയും ഇന്ദയാണി പണ്ഡിറ്റും ഇത് എതിർത്തു. കുറ്റപത്രം ചുമത്തിയ ശേഷം 65 തവണ കേസ് പരിഗണിച്ചെങ്കിലും സാക്ഷി വിസ്താരം പോലും ആരംഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ദീപക് ധവാലെയ്ക്ക് 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിലൊരിക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥയുണ്ട്.