മുംബൈ: പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ മുംബൈ പോലീസ് നടത്തിയ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെയുടെ മുന്നറിയിപ്പ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശിവസേനാ ഭവനും ശിവാജി പാർക്കിനും സമീപം പ്രതിഷേധിച്ച അനുഭാവികളെയും പാർട്ടി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യ താക്കറെ പോലീസ് വാനിന് മുകളിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരും എ.എ.പി നേതാവ് അഞ്ജലി ദമാനിയ ഉൾപ്പെടെയുള്ള നേതാക്കളും അടക്കം 300-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
ശിവസേന നേതാക്കളായ ആദിത്യ താക്കറെ, തേജസ് താക്കറെ, എം.എൻ.എസ് നേതാവ് അമിത് താക്കറെ എന്നിവർ പോലീസിന്റെ നടപടിയെ ശക്തമായി എതിർത്തു. നിർബന്ധിതമായി ആളുകളെ കസ്റ്റഡിയിലെടുക്കുന്നതിന്റെ കാരണം ചോദ്യം ചെയ്ത് അമിത് താക്കറെ പോലീസുമായി നേരിട്ട് ഏറ്റുമുട്ടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.