പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തീരുമാനിക്കേണ്ടത് കടന്നുകയറ്റക്കാരോ? താക്കറെ സഹോദരങ്ങൾക്ക് കടുത്ത മറുപടിയുമായി ബിജെപി

by WhatsUp Mumbai

​മുംബൈ: സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയ്ക്കെതിരെ ഉദ്ദവ് താക്കറെയും രാജ് താക്കറെയും നയിച്ച ‘ഗർജന മോർച്ച’യ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ബിജെപി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും തീരുമാനിക്കേണ്ടത് അനധികൃത കടന്നുകയറ്റക്കാരാണോയെന്ന് ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചൗഹാൻ ചോദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് രവീന്ദ്ര ചൗഹാൻ താക്കറെ സഹോദരങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണ് താക്കറെ സഹോദരങ്ങൾ എസ്ഐആർ പ്രക്രിയയെ എതിർക്കുന്നതെന്ന് ബിജെപി ആരോപിച്ചു. വ്യാജ വോട്ടർമാരെയും ഇരട്ട വോട്ടർമാരെയും സംരക്ഷിക്കാനാണോ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം. കള്ളവോട്ടർമാരെ ഒഴിവാക്കി വോട്ടർപട്ടിക സുതാര്യമാക്കാനാണ് എസ്ഐആർ നടപ്പാക്കുന്നത്. അതിനെ എതിർക്കുന്നതിന് മുൻപ് ചില ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താക്കറെ സഹോദരങ്ങൾ തയ്യാറാകണമെന്നും രവീന്ദ്ര ചൗഹാൻ ആവശ്യപ്പെട്ടു.

താക്കറെ സഹോദരങ്ങളുടെ പ്രതിഷേധ മാർച്ചിനെ പരിഹസിച്ച് ബിജെപി നേതാവ് ആശിഷ് ഷെലാറും രംഗത്തെത്തി. ഇത് ‘ഗർജന മോർച്ച’ അല്ലെന്നും തോൽവി ഭയന്നുള്ള കുറുക്കന്മാരുടെ ഓളമാണെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് യന്ത്രങ്ങളെയും കുറ്റം പറയുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും, മുൻപ് ഇതേ വ്യവസ്ഥയിലൂടെയാണ് ഉദ്ദവ് താക്കറെയും രാജ് താക്കറെയുടെ സ്ഥാനാർത്ഥികളും ആദിത്യ താക്കറെയും തിരഞ്ഞെടുക്കപ്പെട്ടതെന്നും ആശിഷ് ഷെലാർ ഓർമ്മിപ്പിച്ചു.

വോട്ടർപട്ടികയിലെ ക്രമക്കേടുകളും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നിലപാടുകളും ചൂണ്ടിക്കാട്ടി മുംബൈയിൽ മെട്രോ സിനിമ മുതൽ കോർപ്പറേഷൻ ആസ്ഥാനം വരെയാണ് താക്കറെ സഹോദരങ്ങൾ സംയുക്തമായി ‘ഗർജന മോർച്ച’ സംഘടിപ്പിച്ചത്.

You may also like