കാലുകൾ ഇരുമ്പുചങ്ങല കൊണ്ടു പൂട്ടിയിട്ട നിലയിൽ; മഹാരാഷ്ട്രയിലെ താപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

by WhatsUp Mumbai

ധൂലെ : മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ താപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് കൂട്ടിബന്ധിച്ച് പൂട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്കിൽ നിന്നുള്ള ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ധൂളെ ജില്ലയിലെ സാവൽഡെ പ്രദേശത്താണ് വെള്ളിയാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.

നദിക്കരയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാലുകൾ ഇരുമ്പുചങ്ങല കൊണ്ടു ബന്ധിച്ച് പൂട്ടുപൂട്ടി ഭദ്രമാക്കിയ നിലയിലായിരുന്നു. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെന്നും എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ധൂളെയിലെ നർദാന പട്ടണത്തിലുള്ള റൂറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നർദാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധികൃതർ തുടരന്വേഷണം നടത്തിവരികയാണ്.

You may also like