മുംബൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർപട്ടികയിലെ തീവ്ര പുനപരിശോധന പ്രക്രിയയ്ക്കും (SIR – Special Intensive Revision) എതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോർത്ത് മുംബൈയിൽ കൂറ്റൻ പ്രതിഷേധ മാർച്ച് (ഗർജന മോർച്ച) നയിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) ഉപപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബൈക്കുളയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബിഎംസി (BMC) ആസ്ഥാനത്തേക്ക് നയിച്ചു. രാഷ്ട്രീയ പാർട്ടി പടികൾ ഒഴിവാക്കി ദേശീയ പതാക മാത്രം ഏന്തിയാണ് ആയിരക്കണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നത്.
നിയമവിരുദ്ധമായി നടപ്പിലാക്കുന്ന എസ്ഐആർ പ്രക്രിയ ഉടനടി റദ്ദാക്കണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ ലക്ഷക്കണക്കിന് വോട്ടർമാരെ ക്രമരഹിതമായി കൂട്ടിച്ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച അദ്ദേഹം, വോട്ടിംഗ് മെഷീനുകൾ ഒഴിവാക്കി പഴയ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമേ സുതാര്യത ഉറപ്പാക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കി.
ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ കവരുന്ന രീതിയിലാണ് അധികാരികൾ പ്രവർത്തിക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ ഭരണഘടനാപരമായ പോരാട്ടം തുടരുമെന്നും ഉദ്ധവ് താക്കറെയും റാലിയിൽ വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, എൻസിപി നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.