മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ മാറ്റങ്ങൾക്കൊരുങ്ങി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (MIAL). ജനുവരി മുതൽ ആരംഭിക്കുന്ന ഒന്നാം ഘട്ട പൊളിച്ചുനീക്കലും നവീകരണവും മൂലം പ്രതിവർഷം അരക്കോടിയോളം (50 ലക്ഷം) യാത്രക്കാരെ താത്കാലികമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് എയർപോർട്ട് ഓപ്പറേറ്റർ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിന്റെ ആകെ വാർഷിക യാത്രാ ശേഷിയുടെ (ഏകദേശം 5.5 കോടി) 9 ശതമാനത്തോളം വരുന്ന യാത്രക്കാരെയാകും ഇത് ബാധിക്കുക. ടെർമിനൽ 1-ന്റെ ആകെ ശേഷിയുടെ മൂന്നിലൊന്ന് വരുന്ന നോർത്ത് സെക്ഷൻ ആണ് ജനുവരിയിൽ പൊളിച്ചുനീക്കുന്നത്. എന്നാൽ ഇതിലൂടെ ബാക്കി 91 ശതമാനം വിമാന സർവീസുകളെയും യാത്രാ ട്രാഫിക്കിനെയും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകളെ തുടർന്നാണ് പഴയ കെട്ടിടഭാഗം പൊളിച്ചുമാറ്റി വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ ടി1 ടെർമിനലിന്റെ ശേഷി 33 ശതമാനം വർധിച്ച്, വാർഷിക യാത്രാ ശേഷി നിലവിലെ 1.5 കോടിയിൽ നിന്ന് 2 കോടിയായി ഉയരും. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
നവീകരണ ഘട്ടത്തിൽ യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി വിമാന സർവീസുകൾ വിമാനത്താവളത്തിലെ ടെർമിനൽ 2 (T2)-ലേക്കോ അല്ലെങ്കിൽ നിർദ്ദിഷ്ട നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ മാറ്റി ക്രമീകരിക്കാൻ എയർലൈനുകൾക്ക് അനുമതി നൽകും. ഒക്ടോബർ 25-ന് ശേഷമുള്ള ബുക്കിംഗുകൾ ഉള്ള യാത്രക്കാരെ വിവരം സമയബന്ധിതമായി അറിയിക്കാൻ എയർലൈൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ പൂർത്തിയായാൽ വിമാനക്കമ്പനികളുടെ മുൻപുണ്ടായിരുന്ന സ്ലോട്ട് അവകാശങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു നൽകുമെന്നും പുതിയ സ്ലോട്ടുകൾ നൽകുമെന്നും AAHL വ്യക്തമാക്കിയിട്ടുണ്ട്.