ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിട്ടെത്തി ആദരിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിനെ സന്ദർശിച്ചാണ് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധീരതയെ കിരീടാവകാശി പ്രശംസിച്ചത്.
ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന FZ1073 വിമാനത്തിൽ 34,000 അടി ഉയരത്തിൽ വച്ചാണ് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ആക്രമണം നടത്തിയത്. കോക്പിറ്റിൽ വച്ച് കുത്തേറ്റുവെങ്കിലും ഗുരുതര പരിക്കുകളോടെ സ്മിത് മച്ചാർ ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറന്നു നൽകുകയും ചെയ്തു. തുടർന്ന് മറ്റു ജീവനക്കാരെത്തി അക്രമിയെ കീഴടക്കുകയായിരുന്നു. മറ്റ് രണ്ട് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദിയിലെ തബൂക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
പരിക്കേറ്റ സ്മിത് മച്ചാറിനെ സൗദിയിലെ ചികിത്സയ്ക്ക് ശേഷം അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു. സംഭവത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.