മുംബൈയിൽ ഗാന്ധി ജയന്തി ദിനത്തിൽ വൻ പ്രതിഷേധം; പോലീസിന്റെ വിലക്ക് മറികടന്ന് ജനങ്ങളോട് അണിനിരക്കാൻ അഭ്യർത്ഥിച്ച് സിജെപി

by WhatsUp Mumbai

മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ (SIR) വിഷയങ്ങളിലെ മാറ്റങ്ങൾ മുൻനിർത്തിയും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കേ. ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവജി പാർക്കിലെ ഗേറ്റ് നമ്പർ 6-ൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി ജനങ്ങൾ വൻതോതിൽ പ്രക്ഷോഭത്തിൽ പങ്കാളികളാകണമെന്ന് ദിപ്കേ അഭ്യർത്ഥിച്ചു.

ആളുകൾ ഒത്തുചേരുന്നതിലെയും ഗതാഗത, ശബ്ദ മലിനീകരണത്തിലെയും ആശങ്കകൾ ചൂണ്ടിക്കാട്ടി മുംബൈ പോലീസ് ഈ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ പോലീസ് അനുമതി നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണിതെന്നും ദിപ്കേ ആരോപിച്ചു.

​സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയും (X) സിജെപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഈ ഗാന്ധി ജയന്തിക്ക് ജനാധിപത്യം സംരക്ഷിക്കാൻ നമുക്ക് മുംബൈയിലേക്ക് പോകാം” എന്ന് പാർട്ടി ആഹ്വാനം ചെയ്തു. റോഡുകൾ ചോദിച്ചാൽ മന്ത്രിയുടെ തല്ല് കിട്ടുന്നു, കോടതിയിൽ പോയാൽ ‘കോക്ക്റോച്ച്’ എന്ന് വിളിക്കപ്പെടുന്നു, തെരുവിലിറങ്ങിയാൽ ലാത്തിച്ചാർജ് നേരിടേണ്ടി വരുന്നു; ഭരണകൂടത്തിനെതിരെ വോട്ട് ചെയ്യാനുള്ള അവസരം പോലും ഇപ്പോൾ തട്ടിയെടുക്കുകയാണെന്നും ഇതിനെതിരെ ചെറുത്തുനിൽക്കണമെന്നും സിജെപി തങ്ങളുടെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

You may also like