നവി മുംബൈ: ബേലാപ്പൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) ലോക്കപ്പിൽ നിന്ന് സാരികൾ കൂട്ടിയിണക്കി കയറാക്കി മാറ്റി വനിതാ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 2.13-ഓടെയാണ് സംഭവം. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി.
ജൂയിനഗറിലെ റെയിൽവേ ഗോഡൗണിൽ നിന്ന് ഇലക്ട്രിക് ഓവർഹെഡ് വയറുകൾ മോഷ്ടിച്ച കേസിൽ സെപ്റ്റംബർ 26-നാണ് രൂപാലി കൈലാസ് കുഹാഡെ (30), ശാലിബായ് അശോക് പവാർ (40) എന്നിവരെ ബേലാപ്പൂർ ആർപിഎഫും വാശി ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) ചേർന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 21-നായിരുന്നു മോഷണം നടന്നത്. കോടതി സെപ്റ്റംബർ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്നാണ് ഇവരെ ബേലാപ്പൂർ ആർപിഎഫ് ലോക്കപ്പിൽ അടച്ചിരുന്നത്.
തടവുകാരുടെ കാവലിനുണ്ടായിരുന്ന വുമൺ ഹെഡ് കോൺസ്റ്റബിൾ ശുചിമുറിയിൽ പോയ സമയത്താണ് തടവുകാർ രക്ഷപ്പെടാൻ പദ്ധതിയിട്ടത്. ലോക്കപ്പിന്റെ വാതിലിനിടയിലൂടെ കൈകടത്തി പുറത്തുനിന്നും പൂട്ട് തകർത്ത പ്രതികൾ, ലാച്ച് തുറന്ന് പിന്നിലെ ബാൽക്കണിയിലെത്തി. തുടർന്ന് തങ്ങളുടെ സാരികൾ അഴിച്ച് ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ കെട്ടിവെച്ച് താഴേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥ മടങ്ങിയെത്തിയപ്പോൾ തടവുകാരെ കാണാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു. ആർപിഎഫ് സബ് ഇൻസ്പെക്ടർ മിലാപ് സിംഗ് പാർത്തെയും സംഘവും നടത്തിയ തിരച്ചിലിൽ രാവിലെ 8.45-ഓടെ രൂപാലി കൈലാസ് കുഹാഡെയെ നെരൂൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടി.
ഒളിവിലുള്ള ശാലിബായ് അശോക് പവാറിനായി ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 262, 3(5) എന്നീ വകുപ്പുകൾ പ്രകാരം പൻവേൽ ഗവൺമെന്റ് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.