മുംബൈ: അച്ഛനോടുള്ള തീവ്രമായ സ്നേഹവും പുനർജന്മത്തിലുള്ള വിശ്വാസവും കാരണം മരിച്ച പിതാവിന്റെ മൃതദേഹം മകൾ 4 വർഷത്തോളമായി ഡേകെയർ സെന്ററിലെ ഫ്രീസറിൽ സംരക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈ മാലാഡ് ഈസ്റ്റിലെ കൊങ്കണി പാഡയിലുള്ള ഒരു ഡേകെയർ സെന്ററിലാണ് സംഭവം.
ക്യാൻസർ ബാധിതനായിരുന്ന 78 വയസ്സുകാരൻ 2022 ജൂണിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തുടർന്ന് മൃതദേഹം സംരക്ഷിച്ചു നിർത്താനായി വിദേശ കമ്പനിയുടെ സഹായത്തോടെ മാസത്തിൽ 1.6 ലക്ഷം രൂപ നൽകി ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. അന്ധേരി വെസ്റ്റിൽ താമസിക്കുന്ന മകൾക്കും യുഎസിലുള്ള മകൾക്കും മകനും അച്ഛന്റെ മൃതദേഹം സംരക്ഷിക്കുന്നതിൽ പങ്കുണ്ടെന്നാണ് വിവരം.
പൂട്ടിയിട്ടിരുന്ന ഡേകെയർ കെട്ടിടത്തിൽനിന്ന് സഹിക്കാനാവാത്ത ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കുരാർ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഫ്രീസറിലെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബിഎംസി (ബൃഹന്മുംബൈ കോർപ്പറേഷൻ) രേഖകളും മരണ സർട്ടിഫിക്കറ്റും പൊലീസ് പരിശോധിച്ച് നിയമപരമായ കാര്യങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹത്തിന്റെ അവസ്ഥ പരിശോധിക്കാൻ മുംബൈ കൂപ്പർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.