വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി: ട്രാക്ക് മുറിച്ചുകടന്നെന്ന റെയിൽവേ റിപ്പോർട്ട് തള്ളി ബോംബെ ഹൈക്കോടതി; 8.14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

by WhatsUp Mumbai

മുംബൈ: റയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു എന്ന ആഭ്യന്തര റിപ്പോർട്ട് മാത്രം മുൻനിർത്തി യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. 2015-ൽ ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്ന് വീണു മരിച്ച 26-കാരനായ രാഹുൽ വാമൻ സൂര്യവംശിയുടെ മാതാപിതാക്കൾക്ക് 8,14,641 രൂപ നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി റെയിൽവേയോട് ഉത്തരവിട്ടത്.

മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MIDC) ജീവനക്കാരനും കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്നു രാഹുൽ വാമൻ സൂര്യവംശി. 2015 മാർച്ച് 22-നാണ് സംഭവം. ഘൻസോളിയിൽ നിന്ന് ഐരോളിയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലാണ് രാഹുൽ കയറിയത്. തുടർന്ന് ഘൻസോളിക്കും റബാളെക്കും ഇടയിൽ കിലോമീറ്റർ 43/4-ന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രാഹുലിനെ വാശിയിലെ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ, ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതനായ വ്യക്തി ട്രെയിനിടിച്ച് മരിക്കുകയായിരുന്നുവെന്ന ഡിവിഷണൽ റെയിൽവേ മാനേജരുടെ (DRM) റിപ്പോർട്ടും സ്റ്റേഷൻ മാസ്റ്ററുടെ മെമ്മോയും ചൂണ്ടിക്കാട്ടിയാണ് റെയിൽവേ നഷ്ടപരിഹാര അപേക്ഷയെ എതിർത്തത്. തുടർന്ന് 2019-ൽ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ മാതാപിതാക്കളുടെ ഹർജി തള്ളി. ഇതിനെതിരെയാണ് മാതാപിതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, രാഹുൽ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നുവെന്ന് തെളിയിക്കാൻ യാതൊരു ദൃക്‌സാക്ഷി മൊഴികളുമില്ലെന്ന് ജസ്റ്റിസ് ആരതി സാഥെ നിരീക്ഷിച്ചു. ഇൻക്വസ്റ്റ് പൻചനാമയിൽ ‘അജ്ഞാത ലോക്കൽ ട്രെയിനിൽ നിന്ന് വീണത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മൃതദേഹത്തിൽ നിന്ന് യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റും കണ്ടെത്തിയിരുന്നു. സ്വതന്ത്രമായ തെളിവുകളുടെ പിന്തുണയില്ലാത്ത ഡിആർഎം റിപ്പോർട്ട് അന്തിമ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

യാത്രക്കാരുടെ ട്രെയിനിൽ നിന്നുള്ള വീഴ്ച റയിൽവേ ആക്ടിലെ സെക്ഷൻ 123(c)(2) പ്രകാരം ‘അനിഷ്ട സംഭവം’ (untoward incident) എന്ന പരിധിയിൽ വരുമെന്നും ട്രൈബ്യൂണലിന്റെ മുൻ ഉത്തരവ് തെറ്റായ നിയമവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കോടതി, 8.14 ലക്ഷം രൂപ എട്ടു ആഴ്ചയ്ക്കുള്ളിൽ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുല്യമായി നിക്ഷേപിക്കാൻ നിർദേശിച്ചു. തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവർഷം 9 ശതമാനം അധിക പലിശ ഈടാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You may also like