ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ അണിനിരത്തി ദൈവദശകം ഒരേസമയം ആലപിക്കുന്നു. ലോകമെമ്പാടുമുള്ള ഭക്തരെ ഒരുമിപ്പിച്ച് ഗുരുദർശനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കൂട്ടായ പ്രാർത്ഥനാ ആലാപനത്തിനും നേർഹിതത്തിനും സാർവത്രിക സഹോദര്യത്തിനുമായാണ് ഈ പരിപാടി സമർപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ 25ന് ഇന്ത്യൻ സമയം വൈകിട്ട് 7.15നാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. മലയാളം, കന്നഡ, സംസ്കൃതം എന്നിവയുൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ദൈവദശകം ആലപിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിലാണ് ഇതിനായി വേദികൾ ഒരുങ്ങുന്നത്.
മുമ്പ് ചതയദിനത്തിൽ ജർമ്മനിയിൽ 350 പേർ ചേർന്ന് ദൈവദശകം ആലപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വലിയ ലക്ഷ്യത്തിലേക്ക് പരിപാടി വ്യാപിപ്പിക്കുന്നത്. ബ്രിട്ടൻ, അമേരിക്ക, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സ്കോട്ലൻഡ്, കുവൈത്ത്, ബഹ്റൈൻ, നേപ്പാൾ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ ഈ മഹാ സംരംഭത്തിൽ പങ്കാളികളാകും.
ഗുരുദർശനത്തെ ആധാരമാക്കി നടക്കുന്ന പരിപാടിക്ക് ശ്രീനാരായണ ധർമ്മ ഫൗണ്ടേഷനാണ് ഏകോപനം നിർവ്വഹിക്കുന്നത്. പങ്കാളികൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടകർ പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലം സ്വദേശിയും 15 വർഷമായി ജർമ്മനിയിൽ ഉൾപ്പെടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ. വരുണിന്റെ നേതൃത്വത്തിലും സഹകരണത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.