തടാകത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മരിച്ചു: ടിഎംസിയുടെ വീഴ്ചയ്ക്കെതിരെ പ്രതിഷേധവുമായി താനെ കോൺഗ്രസ്

by WhatsUp Mumbai

താനെ: താനെയിലെ ഉഥൽസർ അംബേദ്കർ റോഡിലുള്ള ജോഗില തടാകത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷന്റെ (TMC) ഗുരുതരമായ സുരക്ഷാവീഴ്ച ആരോപിച്ചു കോൺഗ്രസ് രംഗത്ത്. ലോറിസ്റ്റാൻഡ് ചാളിൽ താമസിക്കുന്ന ഗംഗി ഉദയ് കാമി (7), ആശാ ഗണേഷ് കാമി (4) എന്നീ കുട്ടികളാണ് തടാകത്തിൽ വീണ് മരിച്ചത്.

തടാകത്തിന് ചുറ്റും മതിയായ സുരക്ഷാവേലികളോ ബാരിക്കേടുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ച കോൺഗ്രസ് നേതാക്കൾ താനെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയർത്തി. വർഷങ്ങളായി നീളുന്ന നവീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് ഇത്തരം ദാരുണ സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് താനെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പിംഗളെ കുറ്റപ്പെടുത്തി.

അപകടസാധ്യതയുള്ള തടാക പ്രദേശങ്ങളിൽ ഉടൻ തന്നെ ശക്തമായ സുരക്ഷാ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും താനെ കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാബോഡി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like