മുംബൈ: മുംബൈ ഗോരേഗാവ് ഈസ്റ്റിലെ പൊതുശൗചാലയത്തിൽ രാസവാതകം ചോർന്ന് ശ്വാസംമുട്ടി രണ്ടുപേർ മരിച്ചു. പ്രഭാകർ ധനിവാർ (24), ഭവിൻ ദേശായി (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ റാം മന്ദിർ ഈസ്റ്റിൽ മൃണാൾതായ് ഗോരെ ഫ്ലൈഓവറിന് സമീപം പാർസി പഞ്ചായത്ത് ഗേറ്റിനടുത്തുള്ള പൊതുശൗചാലയത്തിലായിരുന്നു അപകടം.
ശൗചാലയത്തിൽ കയറിയ ഇരുവരും രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ശ്വാസംമുട്ടി ബോധരഹിതരാകുകയായിരുന്നു. ഉടൻ തന്നെ ട്രോമ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.49 ഓടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.
സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (MPCB), ബിഎംസി വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാസവാതക ചോർച്ചയുടെ ഉറവിടവും യഥാർത്ഥ കാരണവും കണ്ടെത്താൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.