മുംബൈ: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് തിരികെ കൊണ്ടുവരാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവനുസരിച്ച്, പ്രക്രിയകൾ പഠിച്ച് സമഗ്രമായ മാർഗരേഖ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചു. മുംബൈ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സുഹാസ് പെഡ്നേക്കറാണ് സമിതിയുടെ അധ്യക്ഷൻ.
1993-ലാണ് മഹാരാഷ്ട്രയിൽ അവസാനമായി ക്യാംപസ് തിരഞ്ഞെടുപ്പ് നടന്നത്. 1989-ൽ പ്രചാരണത്തിനിടെ എൻഎസ്യുഐ (NSUI) നേതാവ് ഓവൻ ഡിസൂസ കൊല്ലപ്പെട്ടതിനെത്തുടർന്ന് ക്യാംപസുകളിൽ ഉടലെടുത്ത അക്രമ സംഭവങ്ങളാണ് തിരഞ്ഞെടുപ്പ് നിരോധിക്കുന്നതിലേക്ക് നയിച്ചത്. തുടർന്ന് 1994-ലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം നേരിട്ടുള്ള തിരഞ്ഞെടുപ്പുകൾ നിരോധിക്കുകയായിരുന്നു. 2016-ൽ തിരഞ്ഞെടുപ്പ് പുനരാരംഭിക്കാൻ നിയമനിർമാണം നടത്തുകയും 2019-ൽ വിജ്ഞാപനം ഇറക്കുകയും ചെയ്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളും നിയമസഭാ തിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, സുതാര്യവും സമാധാനപരവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിർദേശങ്ങളാകും സമിതി സമർപ്പിക്കുക. ബാഹ്യമായ രാഷ്ട്രീയ ഇടപെടലുകളും പണമൊഴുക്കും തടയൽ, ഡിജിറ്റൽ നാമനിർദേശ പത്രിക സമർപ്പണവും വോട്ടെടുപ്പും, തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കുള്ള പരിശീലനം, ഫണ്ട് മാനേജ്മെന്റ് എന്നിവ സമിതി പരിശോധിക്കും. കൂടാതെ വനിതകൾ, സംവരണ വിഭാഗങ്ങൾ, എൻസിസി (NCC), എൻഎസ്എസ് (NSS), കായികം, കലാ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനും നിർദേശമുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.