മുംബൈ: തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ, കാണാതായ വ്യക്തികൾ, ഒളിവിൽ കഴിയുന്ന കുറ്റവാളികൾ എന്നിവരെ കൃത്യമായി തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപ്ലവം സൃഷ്ടിക്കുകയാണ് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ. രത്നാഗിരി എസ്പി നിതിൻ ബഗാട്ടെ വികസിപ്പിച്ചെടുത്ത ‘റൈഡ്സ്’ (RAIDS) എന്ന എഐ അധിഷ്ഠിത ആപ്പാണ് ഈ അപൂർവ നേട്ടത്തിന് പിന്നിൽ.
ലഭിക്കുന്ന വിവരങ്ങളിലെയും ചിത്രങ്ങളിലെയും ചെറിയ സമാനതകൾ പോലും വേഗത്തിൽ കണ്ടെത്തി ഒത്തുനോക്കാൻ ഈ ആപ്പിന് സാധിക്കും. പൂർണമായി ജീർണിച്ച അവസ്ഥയിലുള്ളതും തലയോട്ടി മാത്രമായി കണ്ടെത്തുന്നതുമായ മൃതദേഹങ്ങളിൽ നിന്ന് അവയുടെ യഥാർത്ഥ മുഖച്ഛായ എഐ സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിക്കാൻ ഈ ആപ്പിന് കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതുവരെ 37 തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളും കാണാതായ നിരവധി ആളുകളെയും വിജയകരമായി കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടുണ്ട്. കൂടാതെ, ഒളിവിലായിരുന്ന നിരവധി കുറ്റവാളികളെ പിടികൂടാനും ഈ ആപ്പ് നിർണായക പങ്കുവഹിച്ചു.
സാങ്കേതികവിദ്യ കുറ്റാന്വേഷണ രംഗത്ത് ഫലപ്രദമായി ഉപയോഗിച്ചതിന് ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധനേടിയ നിതിൻ ബഗാട്ടെ, ഇന്ത്യയിലെ മികച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംനേടുകയും ‘പ്രധാനമന്ത്രി സിൽവർ കപ്പ്’ പുരസ്കാരത്തിന് അർഹനാകുകയും ചെയ്തിട്ടുണ്ട്.