മുംബൈ: ഗണേശോത്സവ ആഘോഷങ്ങൾക്കു ശേഷം മുംബൈ നഗരവീഥികളിലും പന്തലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എട്ട് ടണ്ണോളം ചെരിപ്പുകളും ഷൂസുകളും. എന്നാൽ, മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളേണ്ടിവരുമായിരുന്ന ഈ കൂറ്റൻ പാദരക്ഷാ ശേഖരത്തെ പുനരുപയോഗിച്ച് ആദിവാസി മേഖലയിലെയും ബിഎംസി സ്കൂളുകളിലെയും കുട്ടികൾക്ക് നൽകുന്ന അപൂർവ മാതൃകയ്ക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്.
ഓഗസ്റ്റ് 29-ലെ ചിഞ്ച്പോക്ലി ചാ ചിന്താമണി ഗണപതി ആഗമന ഘോഷയാത്രയ്ക്ക് ശേഷമാണ് ശുചീകരണ തൊഴിലാളികൾ വൻതോതിൽ പാദരക്ഷകൾ ശേഖരിച്ചുതുടങ്ങിയത്. ഭാരതമാതാ ജങ്ഷൻ, ജിജാഭായ് ലെയ്ൻ, ചിഞ്ച്പോക്ലി റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ബിഎംസിയുടെ ശുചീകരണ വിഭാഗം ഇവ മാറ്റിയത്. ശേഖരിച്ച പാദരക്ഷകൾ പരേലിലെ സായ്ബാബ മുനിസിപ്പൽ സ്കൂളിലെ ഒഴിഞ്ഞ സ്ഥലത്താണ് താൽക്കാലികമായി സൂക്ഷിച്ചിരുന്നത്.
വർഷം തോറും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന പാദരക്ഷകൾ ലാൻഡ്ഫില്ലുകളിലേക്ക് പോകുന്നതിൽ നഗരസഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് ‘ഗ്രീൻസോൾ ഫൗണ്ടേഷൻ’ എന്ന സംഘടനയുമായി കൈകോർത്തതെന്ന് ബിഎംസി എഫ് സൗത്ത് വാർഡ് അസിസ്റ്റന്റ് മ്യൂണിസിപ്പൽ കമ്മീഷണർ വൃഷാലി ഇംഗുലെ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെടുന്ന ചെരിപ്പുകൾ ലാൻഡ്ഫില്ലുകളിൽ നിക്ഷേപിക്കുന്നതിന് പകരം അപ്സൈക്കിൾ ചെയ്ത് നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് വഴി മലിനീകരണം കുറയ്ക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഭീവണ്ടിയിലെ ഗ്രീൻസോൾ കേന്ദ്രത്തിൽ എത്തിക്കുന്ന ഈ പാദരക്ഷകൾ ജീവനക്കാർ കൈകൊണ്ട് തരംതിരിച്ച്, കഴുകി അണുവിമുക്തമാക്കുന്നു. തുടർന്ന് ഓരോ ഭാഗങ്ങളും വേർപെടുത്തി പുനരുപയോഗ സാധ്യതകൾ പരിശോധിക്കും. ഉപയോഗപ്രദമായ സോളുകൾ അനുയോജ്യമായ വലിപ്പത്തിൽ മുറിച്ച് മറ്റ് ഭാഗങ്ങളുമായി ചേർത്ത് പുതിയ രീതിയിലുള്ള പാദരക്ഷകളാക്കി മാറ്റുന്നു. പ്രത്യേക ഹീറ്റർ മെഷീനും പ്രഷർ സീലിംഗും ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. പാദരക്ഷകൾക്ക് പുറമെ സ്കൂൾ ബാഗുകൾ, ഇരിപ്പിട പായകൾ (സിറ്റിംഗ് മാറ്റ്) എന്നിവയായും ഇവ മാറ്റുന്നുണ്ട്.
ഇങ്ങനെ പുനർനിർമിക്കുന്ന പാദരക്ഷകളും സ്കൂൾ സാമഗ്രികളും ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് വിതരണം ചെയ്യുന്നത്. ബിഎംസി സ്കൂളുകളിലെ വിദ്യാർഥികൾക്കും മഹാരാഷ്ട്രയിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇവ തണലാകും. എന്നാൽ ശേഖരിക്കുന്നവയിൽ ഉപയോഗശൂന്യമായ ഏകദേശം 15 ശതമാനം ഭാഗങ്ങൾ മറ്റ് വ്യവസായങ്ങൾക്ക് കൈമാറും. ലഭിക്കുന്ന പാദരക്ഷകളിലെ തെർമോപ്ലാസ്റ്റിക് റബ്ബർ, തെർമോപ്ലാസ്റ്റിക് പോളിയുറീഥെയ്ൻ എന്നിവ പൊടിച്ച് ഓട്ടോമൊബൈൽ, ഫർണിച്ചർ വ്യവസായ മേഖലകൾക്കാണ് നൽകുന്നത്.
കഴിഞ്ഞ 10 വർഷത്തിലധികമായി ഇത്തരത്തിൽ അപ്സൈക്ലിംഗ് നടത്തുന്ന ഗ്രീൻസോൾ ഇതുവരെ പത്ത് ലക്ഷത്തിലധികം ജോഡി ചെരിപ്പുകൾ പുനരുപയോഗയോഗ്യമാക്കിയിട്ടുണ്ട്. റണ്ണിംഗ് ഷൂസുകളുടെ അടിഭാഗം (സോൾ) കേടുകൂടാതെയിരിക്കുമ്പോഴും മേൽഭാഗം നശിക്കുന്നതുകണ്ടാണ് തങ്ങൾ ഈ ആശയത്തിലേക്ക് എത്തിയതെന്ന് ഗ്രീൻസോൾ സഹസ്ഥാപകൻ രമേഷ് ധാമി പറഞ്ഞു. താനും സുഹൃത്ത് ശ്രീയാൻസും വർഷത്തിൽ നാല് ജോഡി ഷൂസുകൾ വരെ ഉപേക്ഷിച്ചിരുന്നുവെന്നും, എന്നാൽ പാദരക്ഷകൾ വാങ്ങാൻ ശേഷിയില്ലാത്ത വലിയൊരു വിഭാഗം ചുറ്റുമുണ്ടെന്ന തിരിച്ചറിവാണ് ഇതിലേക്ക് നയിച്ചതെന്നും രമേഷ് ധാമി പറഞ്ഞു. 2016 മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഏകദേശം 4,374 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചെന്നാണ് കണക്ക്.