284
റാഞ്ചി: 1995-ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിരമിച്ച റെയിൽവേ ബുക്കിംഗ് ക്ലാർക്കിന് 31 വർഷങ്ങൾക്ക് ശേഷം 75-ാം വയസ്സിൽ തടവുശിക്ഷ. റാഞ്ചിയിലെ ഹാതിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോട്ടോർ സൈക്കിൾ സമസ്തിപൂരിലേക്ക് അയക്കാൻ എത്തിയ ആളോട്, നിയമപരമായ 203 രൂപയ്ക്ക് പുറമെ 100 രൂപ അധികം ചോദിച്ചതിനാണ് സിബിഐ കേസ് എടുത്തത്.
സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ ഫിനോൾഫ്തലീൻ പൗഡർ പുരട്ടിയ നോട്ട് വാങ്ങിച്ച് സിബിഐ സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. താൻ നിരപരാധിയാണെന്ന പ്രതിയുടെ വാദം ഝാർഖണ്ഡ് ഹൈക്കോടതി തള്ളി. എന്നാൽ, കേസ് നീണ്ടുപോയതും, ജോലി നഷ്ടപ്പെട്ടതും, പ്രതിയുടെ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ഒരു വർഷത്തെ തടവായി കുറച്ചു നൽകി. രണ്ടു മാസത്തിനകം വിചാരണക്കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.