314
നവിമുംബൈ : നവി മുംബൈയിൽ ഓട്ടോറിക്ഷയിൽ മറന്നുവെച്ച പണപ്പൈ പോലീസിനെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. കൊപ്പർഖൈറാനെ സെക്ടർ 12-ൽ നിന്ന് എപിഎംസി മസാല മാർക്കറ്റിലേക്ക് യാത്ര ചെയ്ത 70-കാരനായ മാധവ്ജി ലാൽജി ഭാനുഷാലി ഓട്ടോയിൽ മറന്നുവെച്ച പണപ്പൈയാണ് ഡ്രൈവർ വാശി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
പൻവേൽ സ്വദേശിയായ അമോൽ അശോക് സാവന്ത് (38) ഓടിച്ചിരുന്ന MH 43 BF 5535 നമ്പറിലുള്ള ഓട്ടോറിക്ഷയുടെ പിൻസീറ്റിന് സമീപം കിടന്ന ചുവന്ന പൈയിലാണ് നോട്ടുക്കെട്ടുകൾ കണ്ടത്. തുടർന്ന് സഹപ്രവർത്തകൻ ശിവാജി കെ. ജെജെറാം ഗവ്‌ഹാനെയ്ക്കൊപ്പം സാവന്ത് വാശി പോലീസ് സ്റ്റേഷനിലെത്തി പൈ കൈമാറി.
പോലീസ് സ്റ്റേഷനിലെത്തിയ കൊപ്പർഖൈറാനെ സെക്ടർ 11 സ്വദേശിയായ മാധവ്ജി ലാൽജി ഭാനുഷാലിക്ക് പോലീസ് പണം സുരക്ഷിതമായി നൽകി. അമോൽ അശോക് സാവന്തിന്റെ സത്യസന്ധതയെ വാശി പോലീസ് അഭിനന്ദിച്ചു.