മുംബൈ: മുളണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങളും ചാത്തുരുത്തിൽ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 124-ാമത് ദുഖ്റോനോ പെരുന്നാളും 2026 ഒക്ടോബർ 31, നവംബർ 1 തീയതികളിൽ വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഒക്ടോബർ 25 ഞായറാഴ്ച കൊടിയേറ്റം നടന്നു.
മുംബൈയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ യാക്കോബായ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി ആരംഭിച്ച മുളണ്ട് സർവീസ് സെന്റർ 1995 ഏപ്രിൽ ഒന്നിനാണ് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടത്. 2000 ജനുവരി ഏഴിന് ദേവാലയത്തിന് ശിലാസ്ഥാപനം നടത്തി. 2001 നവംബർ 3, 4 തീയതികളിൽ വൈത്തറ നഗറിലെ ആരാധനാകേന്ദ്രത്തിൽനിന്ന് നിലവിലെ ദേവാലയസമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് ആരാധന മാറ്റുകയും ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ഈ ചരിത്രസംഭവത്തിന്റെ 25-ാം വാർഷികമാണ് ഇപ്പോൾ ആഘോഷിക്കുന്നത്.
2002 ഓഗസ്റ്റ് 11, 12 തീയതികളിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നടന്നു. 2005 നവംബർ 13-ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും ദേവാലയത്തെ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആത്മീയപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിനും കാരുണ്യസേവനത്തിനും ഇടവക വലിയ പ്രാധാന്യമാണ് നൽകുന്നത്. സെന്റ് ഗ്രീഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും സാമ്പത്തികസഹായം ആവശ്യമുള്ളവർ, നിർധന വിദ്യാർത്ഥികൾ, വിവിധ കാരുണ്യസ്ഥാപനങ്ങൾ എന്നിവർക്കും പള്ളിയും ട്രസ്റ്റും നിരന്തരം സഹായം നൽകിവരുന്നു.
വളർച്ചയുടെ 25 വർഷങ്ങൾ നന്ദിയോടെ അനുസ്മരിക്കുന്നതിനും, ഇടവകയുടെ രൂപീകരണത്തിനും പുരോഗതിക്കും സംഭാവന നൽകിയ പിതാക്കന്മാരെയും സ്ഥാപകരെയും മുൻകാല അംഗങ്ങളെയും ആദരിക്കുന്നതിനുമായാണ് രജതജൂബിലി സംഘടിപ്പിക്കുന്നത്. പെരുന്നാൾ ശുശ്രൂഷകൾക്ക് കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ഒക്ടോബർ 31-ന് വൈകിട്ട് 7.30-ന് നടക്കുന്ന ജൂബിലി പൊതുസമ്മേളനത്തിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മലങ്കര കത്തോലിക്കാ സഭയുടെ ഡോ. മാത്യൂസ് മോർ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയായും പ്രശസ്ത ചലച്ചിത്ര നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ് മുഖ്യപ്രഭാഷകനായും പങ്കെടുക്കും. ചടങ്ങിൽ രജത ജൂബിലി സുവനീർ, ഇടവക ഡയറക്ടറി 2026 എന്നിവയുടെ പ്രകാശനം, പള്ളി വെബ്സൈറ്റ് ഉദ്ഘാടനം, പ്രത്യേക ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ നടക്കും. ഇടവകയുടെ ചരിത്രയാത്ര അവതരിപ്പിക്കുന്ന പരിപാടികളും ആത്മീയ കലാപരിപാടികളും അരങ്ങേറും.
നവംബർ 1-ന് രാവിലെ 9 മണിക്ക് കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. പെരുന്നാൾ ആഘോഷങ്ങളിൽ എല്ലാ വിശ്വാസികളും അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് ഇടവക വികാരി ഫാ. എൽദോ കോടിയാട്ടിലും പെരുന്നാൾ കൺവീനർ ഫെബി കോശിയും അറിയിച്ചു.