ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മറാത്തി ദൈവദശകം ആലാപനവും ഗുരു കൃതികളുടെ നൃത്താവിഷ്‌ക്കാരവും – ‘ശിവദം’ ഇന്ന്

by admin

മുംബൈ: മുംബൈയിലെ ചരിത്രസ്മാരകമായ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ‘ശിവദം’ മെഗാ നൃത്താവിഷ്‌കാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മറാത്തി ഭാഷയിലുള്ള ദൈവദശകം ആലാപനത്തിന്റെ പരിശീലനവും ചിദംബരാഷ്ടകം ഭരതനാട്യത്തിൽ അവതരിപ്പിക്കുന്നതിൻ്റെ നൃത്തപരിശീലനവും പൂർത്തിയായി. പനവേൽ സി.കെ.ടി. കോളജിലാണ് നൃത്താവിഷ്‌കാരത്തിന്റെ പരിശീലനം പൂർത്തിയായത്. ശ്രീനാരായണ ഗുരു കോളജ് ഓഫ് ചെമ്പൂരിൽ മറാത്തി ഭാഷയിലുള്ള ദൈവദശകം ആലാപനത്തിനുള്ള പരിശീലനവും നടന്നു. നൂറുകണക്കിന് വിദ്യാർഥിനികളെയും നർത്തകരെയും അണിനിരത്തി സംഘടിപ്പിക്കുന്ന പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതോടെ കലാകാരികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ചരിത്രപ്രധാനമായ അവതരണത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകുന്ന ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളെ കലയുടെ ഭാഷയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗുരുദേവന്റെ കൃതികൾ ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിലൂടെ അവതരിപ്പിക്കുന്നതിനൊപ്പം, മറാത്തി ഭാഷയിൽ ദൈവദശകം ആലപിക്കുന്നതും പരിപാടിയുടെ പ്രധാന ആകർഷണമാണ്.

ദൈവദശകം ബ്രദർഹുഡ് ( ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശിവദം’ പരിപാടി ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളെ പുതിയ തലമുറയിലേക്കും വിവിധ ഭാഷാ-സാംസ്കാരിക സമൂഹങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ശ്രദ്ധേയമായ സംരംഭമാണ്.

ഒക്ടോബർ 30-ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ ഉദ്ഘാടകനായും ദൈവദശകം ബ്രദർഹുഡ് ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായും പങ്കെടുക്കും.

മുംബൈ സ്വദേശി ഹേമാംഗി പക്നിക്കർ മറാത്തി ഭാഷയിൽ ദൈവദശകം മൊഴിമാറ്റിയത്. മാധ്യമ പ്രവർത്തകനായ ഗിരീഷ് ഉണ്ണികൃഷ്‌ണൻ ഭാഷാ വിദഗ്ദരുടെ സഹായത്തോടെ ദൈവദശകം 104 ഭാഷകളിൽ സമാഹരിച്ചതിൻ്റെ ഭാഗമായാണ് മറാത്തി ഭാഷയിൽ ദൈവദശകം പൂർത്തിയാക്കിയത്.

ദൈവദശകം കൂട്ടായ്യ വർക്കിങ് ചെയർപഴ്‌സൻ ഒറ്റപ്പാലം സ്വദേശി രമ്യ കലാശൈലം ആണ് ചിദംബരാഷ്ടകം അവതരണത്തിന് നേതൃത്വം നൽകും. ദൈവദശകം കൂട്ടായ്യ ചീഫ് കോ ഓർഡിനേറ്റർ കലാമണ്ഡലം മാധുരി 90-ാമത് വേദിയിൽ ദൈവദശകം ന്യത്താ വിഷ്ക്കാരം ഒരുക്കും.

ദൈവദശകം എൻ്റെ ഗുരു മുംബൈ ചെയർപഴ്സൻ കലാമണ്ഡലം രാജലക്ഷ്‌മി , കോ ഓർഡിനേറ്റർമാരായ ലക്ഷ്‌മി സിബി , മഞ്ജു വിനു , നയന പ്രകാശ് , അബ്ന , രമിത എന്നിവർ നേതൃത്വം നൽകി. മറാത്തി ഭാഷയിൽ ദൈവദശകം ആലപിക്കുന്നതിൻ്റെ പരിശീലനത്തിന് ഹേമാംഗി പക്നിക്കർ , ശൈലജ കുമാർ , ശ്രദ്ധ വൈഭവ് പിംപിൾ, ഡോ കൃഷ്‌ണേന്ദു , നീലം സതിഷ് സാവന്ത് , എന്നിവർ നേതൃത്വം നൽകി.

You may also like