സംസാരിക്കാൻ ബുദ്ധിമുട്ടി വിനോദ് കാംബ്ലി; ആശങ്കയിൽ ആരാധകർ, താനെയിലെ പരിചരണ കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ വൈറൽ

by WhatsUp Mumbai

മുംബൈ : ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിക്കറ്റ് ആരാധകർ. താനെയിലെ വയോജന പരിചരണ കേന്ദ്രത്തിൽ (എൽഡർലി കെയർ സെന്റർ) നിന്നുള്ള കാംബ്ലിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആരാധകർ വീണ്ടും കടുത്ത ആശങ്കയിലായത്. വീഡിയോയിൽ വാക്കുകൾ കിട്ടാതെ സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടുന്ന കാംബ്ലിയെയാണ് കാണാനാകുന്നത്.

താനെയിലെ നിദാൻ സെന്റർ ഫോർ എൽഡർലി കെയറിൽ (Nidan Centre for Elderly Care) നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. താൻ നിലവിൽ ഇവിടെ ചികിത്സയിലാണെന്ന് കാംബ്ലി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സംസാരിക്കാൻ പ്രയാസപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തിലെ സൗകര്യങ്ങളെയും ജീവനക്കാരുടെ പരിചരണത്തെയും അദ്ദേഹം പ്രശംസിച്ചു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നതായി ഒട്ടും തോന്നുന്നില്ലെന്നും വലിയ സ്നേഹവും ബഹുമാനവുമാണ് ഇവിടെയുള്ളവരിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.  

കഴിഞ്ഞ കുറച്ചുകാലമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് വിനോദ് കാംബ്ലി കടന്നുപോകുന്നത്. ഒരുകാലത്ത് സച്ചിൻ തെൻഡുൽക്കർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി ഉയർന്നുവന്ന കാംബ്ലി, ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1,084 റൺസും ഏകദിനത്തിൽ 2,477 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പ്രിയതാരത്തിന്റെ പെട്ടെന്നുള്ള ഈ അവസ്ഥയിൽ വലിയ വിഷമത്തിലാണ് കായിക ലോകം. കാംബ്ലി എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ തിരികെ വരട്ടെ എന്ന പ്രാർത്ഥനകളോടെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

You may also like