മാനവികതയുടെ സന്ദേശവുമായി മീരാറോഡിൽ ‘എസ്.എൻ.എം.എസ് മാരത്തൺ 2026’ ശ്രദ്ധേയമായി

by admin

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്–ദഹിസർ–ഭായന്ദർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘എസ്.എൻ.എം.എസ് മാരത്തൺ 2026’ സംഘടിപ്പിച്ചു. ആരോഗ്യസംരക്ഷണം, കായികക്ഷമത, ഐക്യം, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. നിരവധിപേർ മാരത്തണിൽ പങ്കെടുത്തു.

മീരാറോഡ് ജോഗേഴ്സ് പാർക്കിൽ നിന്ന് രാവിലെ 6.30-ന് ആരംഭിച്ച മാരത്തൺ എസ്.എൻ.എം.എസ് ഹാളിൽ സമാപിച്ചു. 3 കിലോമീറ്റർ ഓട്ടം, 3 കിലോമീറ്റർ നടത്തം, 5 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദേവ ദർശനം ഉയർത്തിപ്പിടിച്ച് നടന്ന മാരത്തൺ പ്രദേശത്ത് ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്നു.

​5 കിലോമീറ്റർ ഓട്ടത്തിൽ വിക്രം കൃഷ്ണ ആംതെ ഒന്നാം സ്ഥാനവും ശ്രിയാൻഷ് കരിപ്പൊപ്പയിൽ രണ്ടാം സ്ഥാനവും അശോക് ശുക്ല മൂന്നാം സ്ഥാനവും നേടി. 3 കിലോമീറ്റർ ഓട്ടത്തിൽ സച്ചു ബിനു ഒന്നാം സ്ഥാനവും സ്വരിത് ശർമ്മ രണ്ടാം സ്ഥാനവും പ്രഥമേഷ് സാവന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് പുരസ്കാരങ്ങളും പങ്കെടുത്ത എല്ലാവർക്കും മെഡലുകളും വിതരണം ചെയ്തു. സംഘാടക സമിതി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സൈക്ലിങ് ടീം എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. സഹകരിച്ച എല്ലാവർക്കും സ്പോൺസർമാർക്കും സർക്കാർ അധികൃതർക്കും സംഘാടകർ നന്ദി അറിയിച്ചു.

You may also like