കുട്ടികളുടെ വസ്ത്രം മാറ്റുന്നത് ലൈംഗികാതിക്രമ ശ്രമമായി കരുതാം: ബോംബെ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അടിവസ്ത്രം ലൈംഗിക ഉദ്ദേശ്യത്തോടെ മാറ്റുകയും തുടർന്ന് മറ്റ് പ്രവൃത്തികൾ ഒന്നും ചെയ്യാതിരുന്നാലും അത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമ ശ്രമമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. മൂന്നര വയസ്സുള്ള പെൺകുട്ടിക്കെതിരെയുള്ള അതിക്രമ കേസിൽ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസ് അഭയ് എസ് വാഗ്‌വാസൈ ആണ് ഈ വിധി പുറപ്പെടുവിച്ചത്. മൂന്നര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ച ഗണേഷ് ഹോട്ട്ലപ്പ എന്നയാളുടെ ശിക്ഷാകാലയളവാണ് ഹൈക്കോടതി മൂന്നര വർഷമായി കുറച്ചത്. പ്രതി കുട്ടിയെ കന്നുകാലി തൊഴുപ്പിലേക്ക് കൊണ്ടുപോയി കുട്ടിയുടെയും തന്റേയും അടിവസ്ത്രങ്ങൾ അഴിച്ചുമാറ്റി എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

എന്നാൽ തുടർന്നുള്ള മറ്റ് പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ലാത്തതിനാൽ ഈ കുറ്റകൃത്യത്തെ ലൈംഗികാതിക്രമ ശ്രമമായി മാത്രമേ കാണാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ശ്രമങ്ങൾക്ക് പരമാവധി ശിക്ഷയുടെ പകുതി വരെ നൽകാം എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ 18 ഈ കേസിൽ ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴികളാണ് കേസിൽ നിർണ്ണായകമായതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You may also like