മുംബൈ: സംസ്ഥാന സർക്കാരിനെതിരെ നവംബർ ആദ്യവാരം മുംബൈയിലെ മന്ത്രാലയത്തിന് സമീപം കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മഹാത്മാഗാന്ധിയുടെ പേരക്കുട്ടി തുഷാർ ഗാന്ധി പ്രഖ്യാപിച്ചു. ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തൻ്റെ തീരുമാനം അറിയിച്ചത്. മന്ത്രാലയത്തിനടുത്തുള്ള ബാബാസാഹെബിന്റെ പ്രതിമയിൽ നിന്ന് അനുഗ്രഹം തേടിയ ശേഷം ബാപ്പുവിന്റെ പ്രതിമയിലേക്ക് നടന്ന് അവിടെ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോൾ സർക്കാർ ഉള്ളിടത്ത് തന്നെ പ്രതിഷേധിക്കണം എന്ന നിലപാടിലാണ് അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കാൻ പോരാടണമെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അദ്ദേഹം സമരത്തിലേക്ക് സ്വാഗതം ചെയ്തു.
ഈ പ്രക്ഷോഭത്തിന് പൊലീസിനോട് അനുമതി ചോദിക്കില്ലെന്ന് തുഷാർ ഗാന്ധി അടിയ ഉറപ്പിച്ചു പറഞ്ഞു. “നിയമലംഘനത്തിന് (Civil Disobedience) ആരുടെയും അനുമതി ആവശ്യമില്ല” എന്ന് കുറിച്ച അദ്ദേഹം, സമരത്തിൽ പങ്കാളികളാകാൻ എത്തുന്നവർ പൊലീസിന്റെ നടപട നേരിടാൻ തയാറായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (Special Intensive Revision – SIR) ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങൾക്കിടയിലാണ് ഈ ആഹ്വാനം. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (Cockroach Janata Party – CJP) സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഗ്രാന്റ് റോഡിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പോകുന്നതിനിടെ ബീന്ദ്രയിൽ വച്ച് മുംബൈ പൊലീസ് തുഷാർ ഗാന്ധിയെ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്. CJP-യെ പിന്തുണച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച മറ്റ് നിരവധി പേരെയും പൊലീസ് കരുതൽ തടങ്കലിൽ വച്ചെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.