സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതി നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ 39-ാം വാർഷികവും ഓണാഘോഷവും

by WhatsUp Mumbai

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 10 ശനിയാഴ്ച മൗലി ലോൺസിൽ നടന്നു. എൻ.എം.സി.എ. പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംഘടനയുടെ ചെയർമാനും വ്യവസായിയുമായ ബി. എൻ. വേണുഗോപാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാംഗം ഉല്ലാസ് കോവൂർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3030 മുൻ ഗവർണർ ആശാ വേണുഗോപാൽ, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി പ്രദീപ് കുമാർ, സാമൂഹിക പ്രവർത്തകൻ പി. വി. ഭാസ്കരൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാമൂഹിക സേവനരംഗത്തെ സംഭാവനകൾ മുൻനിർത്തി 2026-ലെ എൻ.എം.സി.എ. വിശിഷ്ട വ്യക്തി പുരസ്കാരം പി. വി. ഭാസ്കരന് സമ്മാനിച്ചു. പൂനെ ഡി കേരള കമ്പനിയുടെ ജാമിങ് പരിപാടിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അത്തപ്പൂക്കളം, വിവിധ മത്സരങ്ങൾ, വിദ്യാർഥികളുടെ കലാപരിപാടികൾ, പരമ്പരാഗത ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ചടങ്ങിൽ മെമന്റോകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ സംഘടനയുടെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അക്ഷര എജുക്കേഷണൽ അക്കാദമിയിലൂടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രവാസി ക്ഷേമവും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.എം.സി.എ. വനിതാ സമാജം സെക്രട്ടറി ഡോ. സ്മിത നായർ നന്ദി രേഖപ്പെടുത്തി.

You may also like