റായ്ഗഡ്: മഹാരാഷ്ട്രയിലെ പ്രശസ്തമായ ദിവേആഗർ ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയ എട്ട് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. പൂനെ ജില്ലയിലെ ആലന്ദിയിലുള്ള സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദിഗി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ദിവേആഗർ ബീച്ചിലാണ് സംഭവം. അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ഇവിടെയെത്തിയത്. ഇതിൽ 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്.
കടലിന്റെ ആഴവും ഒഴുക്കും കണക്കാക്കാതെ എട്ട് ആൺകുട്ടികൾ കടലിലിറങ്ങുകയും ശക്തമായ തിരമാലയിൽപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർ എട്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
യഷ് കിരൺ വാൻഖെഡെ, സോഹം തുക്കാറാം ഭണ്ട്വാൾക്കർ, തൻമയ് ദത്താത്രേയ വഹിലെ, കൗസ്തുഭ് സന്ദീപ് ദൗണ്ഡ്, കൈവല്യ സതീഷ് വാസങ്കർ, രാജ്വീർ യുവരാജ് വഹിലെ, പ്രണവ് രാംദാസ് ബൻസോഡ്, സുമിത് ഭരത് അഹിരെ എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾക്കെല്ലാം 16 വയസ്സാണ് പ്രായം.
മരിച്ച കുട്ടികളിൽ ചിലർ ആലന്ദി സ്വദേശികളും മറ്റുള്ളവർ സമീപപ്രദേശമായ കേൾഗാവ് സ്വദേശികളുമാണെന്ന് ആലന്ദി മുൻസിപ്പൽ കൗൺസിൽ ചെയർമാൻ പ്രശാന്ത് കുർഹാഡെ അറിയിച്ചു. വിദ്യാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും ചില രക്ഷിതാക്കൾ ദിവേആഗറിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അലിബാഗ് മണ്ഡലത്തിൽ നിന്നുള്ള ശിവസേന എം.എൽ.എ മഹേന്ദ്ര ദാൽവി പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാവീഴ്ചയെ വിമർശിച്ചു. കടലിന്റെ ആഴവും വേലിയേറ്റവും കണക്കാക്കാൻ കുട്ടികൾക്ക് കഴിയില്ലെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഭരണകൂടം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ മരണം അങ്ങേയറ്റം ദാരുണവും വേദനജനകവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രാദേശിക ഭരണകൂടത്തിന്റെ ഏകോപനത്തിൽ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.