മുംബൈ: മഴയിലുണ്ടായ കടുത്ത കുറവും എൽ നിനോ ഭീഷണിയും കാരണം രൂക്ഷമായ വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിൽ ഒക്ടോബർ 16 മുതൽ ജലവിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജലവിതരണത്തിൽ കുറഞ്ഞത് 10 ശതമാനം വെട്ടിക്കുറയ്ക്കാനാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ടുകളിൽ ലഭ്യമായ ജലശേഖരത്തിൽ നിന്ന് കുടിവെള്ളത്തിനാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു.
അടുത്ത വർഷം ഓഗസ്റ്റ് 31 വരെയുള്ള ജല ഉപയോഗം കണക്കാക്കി ജലവിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വെള്ളം ആവിയായിപ്പോകുന്നതും അണക്കെട്ടുകളിൽ ചെളി അടിയുന്നതും നിയമവിരുദ്ധമായി വെള്ളം ഊറ്റിയെടുക്കുന്നതും തടഞ്ഞ് കുടിവെള്ളം സുരക്ഷിതമാക്കും. കൂടാതെ, അടിയന്തര ആവശ്യങ്ങൾക്കായി എല്ലാ അണക്കെട്ടുകളിലും 10 ശതമാനം വെള്ളം കരുതൽ ശേഖരമായി സൂക്ഷിക്കും. കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും 10 ശതമാനം ജല നിയന്ത്രണം കൃത്യമായി നടപ്പാക്കാനും പൈപ്പ് ചോർച്ച തടയാനും നിർദ്ദേശമുണ്ട്.
ശുദ്ധീകരിച്ച മലിനജലം ചെടികൾ നനയ്ക്കുന്നതിനും കെട്ടിട നിർമ്മാണത്തിനും വാഹനങ്ങൾ കഴുകുന്നതിനും മാത്രം ഉപയോഗിക്കണം. വ്യവസായശാലകൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 30 ശതമാനമെങ്കിലും പുനരുപയോഗിക്കണം. കുടിവെള്ളത്തിനും കന്നുകാലികളുടെ ആവശ്യങ്ങൾക്കും ശേഷമുള്ള വെള്ളം മാത്രമേ കൃഷിക്ക് നൽകൂ. അണക്കെട്ടുകളിൽ നിന്നും പുഴകളിൽ നിന്നും അനുമതിയില്ലാതെ വെള്ളം ഊറ്റുന്നത് തടയാൻ റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി അനധികൃത മോട്ടോറുകൾ പിടിച്ചെടുക്കും.
സംസ്ഥാനത്തെ 265 താലൂക്കുകളെയാണ് വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ലഭിക്കേണ്ട മഴയിൽ 19 ശതമാനത്തിന്റെ കുറവുണ്ടായി. കാലവർഷം നേരത്തെ അവസാനിച്ചതും തിരിച്ചടിയായി. വരും വർഷത്തിലും കാലാവസ്ഥാ വ്യതിയാന ഭീഷണി തുടരാൻ സാധ്യതയുള്ളതിനാൽ ജലം വളരെ കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി ഗിരീഷ് മഹാജൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.