തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ നടുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അതിരഹസ്യ വിവരങ്ങൾ പുറത്തേക്ക്. തനിക്ക് വഴങ്ങാത്തതിന്റെ പ്രതികാരമായി പ്രമുഖ നടൻ ഒരു നടിയുടെ അഭിനയ ജീവിതം തകർത്തെന്ന നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം എഴുതിയ പുതിയ പുസ്തകത്തിലാണ് സിനിമാ മേഖലയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ‘മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പേരിൽ ഡിസി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.
ലോക്കേഷനിൽ മദ്യപിച്ചെത്തി അഴിഞ്ഞാടിയ പ്രമുഖ നടൻ, ‘ഇനി നീ സിനിമാ രംഗത്ത് ഉണ്ടാകില്ല’ എന്ന് നടിയോട് ആക്രോശിച്ചതായി പുസ്തകത്തിൽ പറയുന്നു. ലക്കുകെട്ട അവസ്ഥയിൽ സെറ്റിലെത്തി നിലവിട്ട് സംസാരിക്കുകയും വിവസ്ത്രനാവുകയും ചെയ്ത നടന്റെ പ്രവൃത്തി സെറ്റിലുള്ളവരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. “പറയുന്നത് ഞാനാണ്, ഞാൻ” എന്ന് അഹങ്കാരത്തോടെ വെല്ലുവിളിച്ച നടന്റെ ഭീഷണിയെത്തുടർന്ന്, സിനിമയിലെ തമ്പുരാക്കന്മാർ വിചാരിച്ചാൽ എത്ര കഴിവുള്ള നടിയും ഔട്ടാകുമെന്നു നിറകണ്ണുകളോടെ പറഞ്ഞ് ആ നടി പിന്നീട് അഭിനയിക്കാൻ പോയിട്ടില്ലെന്ന് പുസ്തകത്തിൽ വിവരിക്കുന്നു. തന്നോടുള്ള പക തീർക്കാൻ ആ നടൻ തനിക്കൊപ്പം നായികമാരായിട്ടുള്ളവർക്കായി വിരുന്നൊരുക്കിയെന്നും തന്നെയതിലേക്ക് ക്ഷണിച്ചില്ലെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനായ നടൻ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിച്ചതായും, നിരസിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചതായും പുസ്തകം വ്യക്തമാക്കുന്നു. അതിനെത്തുടർന്ന് ആ നടിക്ക് ദീർഘകാലം ആയുർവേദ ചികിത്സ തേടേണ്ടിവന്നു. കൂടാതെ, ഷൂട്ടിങ്ങിനിടെ മനഃപൂർവം വീഴ്ത്തിയതിനെ തുടർന്ന് ആശുപത്രിയിലായ ഒരു നായികയെ സ്റ്റണ്ട് മാസ്റ്റർ നിരന്തരം ശല്യം ചെയ്തതായും, ഉച്ചകഴിഞ്ഞ് ഷൂട്ടിങ്ങിന് ഹാജരാകണമെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിർബന്ധിച്ചതായും പുസ്തകത്തിലുണ്ട്.
മുൻ കേരള ഹൈക്കോടതി ജഡ്ജി കെമാൽ പാഷയാണ് ഈ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും ഡോ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിന്റെയും നിയമപരവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചാണ് കെമാൽ പാഷ ആമുഖത്തിൽ വിശദീകരിക്കുന്നത്