ഗാന്ധിജയന്തി ആഘോഷം: താനെ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ച് കോൺഗ്രസ്

by WhatsUp Mumbai

​താനെ: മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കേവലം ആദരവിൽ ഒതുക്കാതെ പ്രവൃത്തിയിലൂടെ നടപ്പിലാക്കണമെന്ന സന്ദേശവുമായി താനെ ഷഹർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. താനെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പിംഗളെയുടെ ആശയത്തിലും മാർഗ്ഗനിർദ്ദേശത്തിലും സംഘടിപ്പിച്ച വിവിധ സാമൂഹിക സേവന പരിപാടികളിൽ താനെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രത്യേക ശുചീകരണ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.

തലാവ്പാലിയിലെ മഹാത്മാഗാന്ധി ഉദ്യാനത്തിലുള്ള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ‘രഘുപതി രാഘവ രാജാറാം’ എന്ന ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ ജനപ്രതിനിധികളും പ്രവർത്തകരും ചേര്‍ന്ന് കൂട്ടമായി ആലപിച്ചു.

തുടർന്ന് താനെ റെയിൽവേ സ്റ്റേഷൻ വെസ്റ്റ് പരിസരത്ത് കോൺഗ്രസും താനെ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരും സംയുക്തമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഡോ. ബാബാസാഹബ് അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിൽ വച്ച് കൂട്ടപ്രതിജ്ഞയെടുത്ത ശേഷം പ്രവർത്തകർ കയ്യിൽ ചൂലുകളേന്തി പ്രദേശം ശുചീകരിച്ചു. രാവിലെ 8.30 മുതൽ 10 മണി വരെ നടന്ന ശുചീകരണ പരിപാടിയിൽ മുതിർന്ന നേതാവും മുൻ എംപിയുമായ കുമാർ കേത്കർ മുഖ്യാതിഥിയായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ബ്ലോക്ക് നമ്പർ 10-ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ‘ഗാന്ധിജിയുടെ ആശയങ്ങൾ’, ‘സ്വച്ഛ ഭാരത്’ എന്നീ വിഷയങ്ങളിൽ കുട്ടികൾ ചിത്രങ്ങളിലൂടെ തങ്ങളുടെ ചിന്തകൾ പങ്കുവെച്ചു. സംസ്ഥാന ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, സെൽ പ്രസിഡന്റുമാർ, മഹിളാ കോൺഗ്രസ്, സേവാദൾ, യൂത്ത് കോൺഗ്രസ് എന്നിവരടക്കം പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

 

You may also like