മുംബൈ : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരുടെ മുഖംമൂടി അഴിഞ്ഞുവീണതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്കിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്കുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കടുത്ത പ്രതികരണം.
മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേര്ന്ന് നടത്തിയ വാർത്താസമ്മേളനത്തോടെ തന്നെ കമ്മീഷനെതിരായ വ്യാജ കഥകൾ പൊളിഞ്ഞതാണെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടരാനാണ് ശ്രമമെങ്കിലും അത് വിജയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ചാണ് സംഘടനകൾ ശിവാജി പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ‘രാജ്യദ്രോഹി’യാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യത്തിന് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നും, മുൻപ് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന പ്രതിഷേധത്തിന് സമാനമായി ചെറുപ്പക്കാർ ഇതിലും അണിനിരക്കുമെന്നും സൗരവ് ദാസ് അവകാശപ്പെട്ടു.
എന്നാൽ, ശിവാജി പാർക്കിൽ തുടർച്ചയായി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രദേശവാസികളായ സുനിൽ ഭാഗവത്, രവീന്ദ്ര എന്നിവർ രംഗത്തെത്തി. പ്രഭാത-പ്രദോഷ സവാരിക്ക് എത്തുന്ന സാധാരണക്കാർക്കും സമീപത്തെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ഗതാഗതത്തിനും ഇത്തരം പ്രതിഷേധങ്ങൾ വലിയ തടസ്സമുണ്ടാക്കുന്നുവെന്ന് ഇരുവരും ആരോപിച്ചു. മുൻപ് നടന്ന പ്രതിഷേധത്തിന് പിന്നാലെ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ സംഭവമുണ്ടായതായും രവീന്ദ്ര ചൂണ്ടിക്കാട്ടി.