വനാവകാശം മുതൽ കുടിവെള്ളം വരെ; ആവശ്യങ്ങളുമായി ആദിവാസികൾ മുംബൈയിലേക്ക്

by WhatsUp Mumbai

മുംബൈ : വനവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക, ആദിവാസി വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈ മന്ത്രാലയത്തിലേക്ക് ആദിവാസി പ്രവർത്തകർ ലോങ് മാർച്ച് ആരംഭിച്ചു. ശ്രംജീവി സംഘടനയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഭീവണ്ടിയിൽ നിന്ന് മുംബൈയിലേക്ക് ‘ഘടനാപരമായ അവകാശ സമര മാർച്ച്’ ആരംഭിച്ചത്. സംഘടനയുടെ സ്ഥാപകൻ വിവേക് പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

മുംബൈ-നാസിക് ദേശീയ പാതയിലെ ഹൈവേ ഡൈവിൽ നിന്ന് ഉച്ചയോടെ ആരംഭിച്ച മാർച്ച് ഖാരെഗാവിൽ ആദ്യ വിശ്രമം നടത്തി. താനെ, പാൽഘർ, റായ്ഗഡ്, നാസിക് എന്നീ ജില്ലകളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ മാർച്ചിൽ അണിനിരന്നു. ഭീവണ്ടി, ഷാഹാപൂർ, മുർബാദ്, കല്യാൺ-അംബർനാഥ്, താനെ, വസൈ, പാൽഘർ, ദഹാനു, തലസാരി, വിക്രംഗഡ്, വാഡ, ജവഹർ, മൊഖാഡ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

ശ്രംജീവി സംഘടന പ്രസിഡന്റ് സീത ഘടലെ, വർക്കിംഗ് പ്രസിഡന്റ് ബലറാം ചൗധരി, ദത്താത്രയ കൊലേകർ, വിജയ് ജാദവ്, അശോക് സപാതെ, സുരേഷ് രെഞ്ജന്ദ് തുടങ്ങിയ ഭാരവാഹികളും സമരത്തിന് നേതൃത്വം നൽകി. വനവകാശ നിയമപ്രകാരമുള്ള തർക്കങ്ങളും അപേക്ഷകളും ഉടൻ തീർപ്പാക്കുക, 18 വയസ്സ് വരെയുള്ള എല്ലാ ആദിവാസി വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക, ഓരോ താലൂക്കിലും വിദ്യാസങ്കുൽ സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ കോടികൾ ചെലവഴിച്ചിട്ടും പലയിടങ്ങളിലും കുടിവെള്ള വിതരണം പരാജയപ്പെട്ടുവെന്നും, ആദിവാസി ഊരുകളിൽ സ്ത്രീകൾ ഇപ്പോഴും കിലോമീറ്ററുകൾ താണ്ടി വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണെന്നും സംഘടന കുറ്റപ്പെടുത്തി.

പ്രക്ഷോഭത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഡോ. പവൻ ബൻസോദ്, ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ക്ഷീരസാഗർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 250 പോലീസ് ഉദ്യോഗസ്ഥരെയും സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആദിവി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് സംഘാത്തർ വ്യക്തമാക്കി.

You may also like