പ്രദീപ് പൂർണേക്കറുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; ഹൈക്കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

by admin

താനെ: ശിവസേന നേതാവായ പ്രദീപ് പൂർണേക്കറുടെ കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ ശക്തികൾ പുറത്തുവരണമെന്നും, എന്നാൽ നിലവിലെ പോലീസ് അന്വേഷണം പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണെന്ന് വ്യക്തമാണെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹർഷ്‌വർധൻ സപ്കാൾ വ്യക്തമാക്കി. താനെയിൽ കൊല്ലപ്പെട്ട പൂർണേക്കറുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറുമൊരു കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും, താനെയ്ക്ക് പുറത്തുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ എസ്‌.ഐ.ടി രൂപീകരിക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുമുതൽ അന്വേഷണം വഴിതെറ്റിയിരിക്കുകയാണെന്നും, കുടുംബം നൽകിയ തെളിവുകളും സംശയമുള്ളവരുടെ പേരുകളും അവഗണിച്ച് പ്രധാന പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊലപാതകത്തിന് മുൻപ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പ്രദീപ് പൂർണേക്കർ വ്യക്തമാക്കിയിട്ടും ആ വഴിക്ക് അന്വേഷണം നീങ്ങുന്നില്ലെന്ന് ഹർഷ്‌വർധൻ സപ്കാൾ ചൂണ്ടിക്കാട്ടി. സർക്കാർ കുടുംബത്തിന് നീതി നൽകണമെന്നും, ഈ ദുരിത ഘട്ടത്തിൽ കോൺഗ്രസ് പാർട്ടി പൂർണേക്കർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സന്ദർശന വേളയിൽ താനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രാഹുൽ പിംഗളെ, പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീരംഗ് ബർഗെ, മുൻ അധ്യക്ഷൻ വിക്രാന്ത് ചവാൻ, കോൺഗ്രസ് താലൂക്ക് അധ്യക്ഷ സുംഗീത കോടൽ, സേവാദൽ അധ്യക്ഷൻ രവീന്ദ്ര കോളി തുടങ്ങിയ കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

You may also like