മുംബൈയിലെ ഹോസ്റ്റലിൽ എൻജിനീയറിങ് വിദ്യാർത്ഥി ജീവനൊടുക്കി; മരിക്കുന്നതിന് മുൻപ് ഡോക്ടർക്ക് സന്ദേശമയച്ചു

by WhatsUp Mumbai

മുംബൈ മാട്ടുങ്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ (ICT) ഹോസ്റ്റൽ മുറിയിൽ എൻജിനീയറിങ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധേഷ് പാട്ടീൽ ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി 10:30ഓടെയാണ് ഹോസ്റ്റൽ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധേഷിനെ കണ്ടെത്തിയത്.

നാസിക് സ്വദേശിയായ സിദ്ധേഷ് പാട്ടീൽ കുറച്ചു ദിവസങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങളും വിഷാദരോഗവും മൂലം ചികിത്സയിലായിരുന്നു. കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആത്മഹത്യാ പ്രവണതയും അനുഭവപ്പെടുന്നതായി ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സിദ്ധേഷ് തന്റെ ഡോക്ടർക്ക് സന്ദേശമയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഡോക്ടർ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ ഹോസ്റ്റലിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനുമുമ്പ് തന്നെ ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ മാട്ടുങ്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.ഐ.ടി ബോംബെ കാമ്പസിൽ കഴിഞ്ഞ സെപ്റ്റംബറിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിന്നാലെ ജീവനൊടുക്കിയ സാഹിൽ വകോഡെ എന്ന വിദ്യാർത്ഥിയുടെ മരണത്തിന് മാസങ്ങൾക്കപ്പുറമാണ് മുംബൈയിൽ വിദ്യാർത്ഥി ആത്മഹത്യയുടെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്.

You may also like