ബെസ്റ്റ് ബസ് ശൃംഖല വിപുലീകരിക്കുന്നു: 58 ഇലക്ട്രിക് ബസുകളുമായി പുതിയ യാത്രാനുഭവം

by WhatsUp Mumbai

മുംബൈ : മുംബൈയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 58 പുതിയ ‘ബ്ലേഡ് ബാറ്ററി’ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ബെസ്റ്റ് (BEST) ഒരുങ്ങുന്നു. ദക്ഷിണ മുംബൈ, പ്രാന്തപ്രദേശങ്ങൾ, നവിമുംബൈ എന്നീ റൂട്ടുകളെ ബന്ധിപ്പിച്ചായിരിക്കും ഈ ബസുകൾ സർവീസ് നടത്തുക.

ഒലെക്ട്ര ഗ്രീൻടെക് (Olectra Greentech) കമ്പനിയാണ് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ഈ ഇലക്ട്രിക് ബസുകൾ ബെസ്റ്റിന് നൽകുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലെ 25 ബസുകൾ ഒക്ടോബർ അവസാനത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി ബസുകൾ ഘട്ടംഘട്ടമായി ബെസ്റ്റിന്റെ ഭാഗമാകും. നിലവിൽ 2,800-ലധികം ബസുകൾ സർവീസ് നടത്തുന്ന ബെസ്റ്റിന്റെ ബസ് ശൃംഖല, പുതിയ 58 ബസുകൾ കൂടെ എത്തുന്നതോടെ 2,900-ലേക്ക് അടുക്കും.

നിലവിലുള്ള എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 30 ശതമാനം അധിക ഊർജ്ജ സംഭരണശേഷി ഈ പുതിയ ബ്ലേഡ് ബാറ്ററികൾക്കുണ്ട്. വലിപ്പം കുറഞ്ഞതും ഭാരക്കുറവുള്ളതുമായ ബാറ്ററി ഡിസൈൻ ബസുകൾക്ക് കൂടുതൽ സുരക്ഷിതത്വവും കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും നൽകുന്നു. വേഗത്തിൽ ചാർജ്ജ് ചെയ്യാം എന്നതും പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

You may also like